വാഷിങ്ടണ്‍: ഇക്വഡോറിനെ തകര്‍ത്ത് ആതിഥേയരായ യുഎസ്എ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അമേരിക്കയുടെ വിജയം. യുഎസിന് വേണ്ടി ക്ലിന്റ് ഡെംസിയും സാര്ഡെസും ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിന്റെ അരോയോ മിന ആശ്വാസഗോള്‍ കണ്ടെത്തി. കളിയുടെ 52-ാം മിനിറ്റില്‍ ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയയും അമേരിക്കയുടെജെര്മൈന് ജോണ്‍സും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഇരുടീമും പത്തു പേരായി ചുരുങ്ങുകയും ചെയ്തു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അമേരിക്കയേക്കാള്‍ ഏറെ മുന്നിട്ടുനിന്ന ഇക്വഡോര്‍ നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞതോടെയാണ് പരാജയത്തിലേക്ക് നീങ്ങിയത്. കളിയിലാകെ അവര്‍ തുറന്നെടുത്തത് 18 അവസരങ്ങള്‍. എന്നാല്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. എന്നാല്‍ ലക്ഷ്യബോധമില്ലാത്ത സ്ട്രൈക്കര്‍മാര്‍ അവസരം തുലച്ചുകളയുകയായിരുന്നു.
രണ്ടാം പകുതിയില്‍ മാത്രം അരഡസനിലേറെ അവസരങ്ങളാണ് അവര്‍ പാഴാക്കിയത്. അതേസമയം അമേരിക്ക ഒരുക്കിയെടുത്തത് 9 അവസരങ്ങള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയ നാലെണ്ണത്തില്‍ രണ്ടാം വലയിലെത്തിക്കാന്‍ കഴിഞ്ഞതാണ് യുഎസിന് തുണയായത്. 1995നു ശേഷം ഇതാദ്യമായാണ് യുഎസ്എ കോപ്പ അമേരിക്കയുടെ സെമിയിലെത്തുന്നത്.
സംഭവബഹുലമായിരുന്നു യുഎസ്എ-ഇക്വഡോര്‍ പോരാട്ടം. സ്വന്തം മൈതാനത്ത് യുഎസ്എയുടെ തിണ്ണമിടുക്കും പ്രകോപനവും പലപ്പോഴും ഇക്വഡോറിന്റെ താരങ്ങളെ വലച്ചു. മൂന്നാം മിനിറ്റില്‍ യുഎസ് ആക്രമണം. മികച്ച മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച സാര്‍ഡെസിന്റെ പുറത്തേക്ക്. ഏഴാം മിനിറ്റില്‍ ഇക്വഡോറിന്റെ ആദ്യമുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ മൊണ്ടേറോയുടെ ഷോട്ടിന് ലക്ഷ്യം തെറ്റി. 17-ാം മിനിറ്റില്‍ ഗോളി സ്ഥാനം തെറ്റി നില്‍ക്കെ അമേരിക്കയുടെ വുഡിന്റെ നീക്കം കഷ്ടിച്ചാണ് ഇക്വഡോര്‍ താരം എരാസോ വിഫലമാക്കിയത്. 22-ാം മിനിറ്റില്‍ യുഎസ് ലീഡ് നേടി.
ബോക്സിന്റെ വലതുഭാഗത്ത് നിന്ന് വുഡ് പുറകോട്ട് തട്ടിക്കൊടുത്ത പന്ത് ജെര്മൈന് ജോണ്‍സ് ബോക്സിലേക്ക് ലോബ് ചെയ്തു കൊടുത്തു. കൃത്യമായി നിലയുറപ്പിച്ച ക്ലിന്റ് ഡെംസി പിഴയ്ക്കാത്ത ഹെഡ്ഡറിലൂടെ പന്ത് ഇക്വഡോര്‍ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ഇക്വഡോറിന് സമനില പിടിക്കാന്‍ അവസരം ലഭിച്ചെങ്കിലും അന്റോണിയോ വലന്‍സിയയുടെ ഷോട്ട് അമേരിക്കന്‍ ഗോളി തട്ടിയകറ്റി. 43-ാം മിനിറ്റില്‍ അമേരിക്ക ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും അവസരം നഷ്ടമാക്കി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്ത് കൈക്കലാക്കി ഡെംസി ബോക്സിലേയ്ക്ക് നല്കിയ എണ്ണം പറഞ്ഞ ക്രോസ് ബെഡോയ നേരെ ഗോളിയുടെ കൈയിലേക്ക് അടിച്ചുകൊടുത്തു.
ആദ്യപകുതിയുടെ പരിക്കുസമയത്ത് സമനില പാലിക്കാന്‍ ഇക്വഡോറിന് വീണ്ടും നല്ലൊരു അവസരം ലഭിച്ചെങ്കിലും എന്നര് വലന്‍സിയ അത് തുലച്ചു. ഇക്വഡോറിന് ആദ്യപകുതിയില്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്.
ഒരു ഗോളിന്റെ ലീഡില്‍ കടിച്ചുതൂങ്ങിയ അമേരിക്ക രണ്ടാം പകുതിയില്‍ പ്രതിരോധം കടുപ്പിക്കാനാണ് ശ്രമിച്ചത്. ഇക്വഡോര്‍ ആക്രമണം കനപ്പിച്ചതോടെ അതു തടുക്കാന്‍ അമേരിക്ക പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഇതോടെ കളി പലപ്പോഴും കയ്യാങ്കാളിയിലേക്കും നീണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എന്നര് വലെന്‍സിയ തുറന്ന പോസ്റ്റിന് മുന്നില്‍ ഒരു ഡൈവിങ് ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും കണക്റ്റ് ചെയ്യാനായില്ല. കളിയുടെ ഗതിക്കെതിരെ 65-ാം മിനിറ്റില്‍ യുഎസ് ലീഡ് ഉയര്‍ത്തി.
ഡെംസിയുടെ പാസില്‍ നിന്ന് ഗ്യാസി സാര്ഡെസാണ് ലക്ഷ്യം കണ്ടത്. പിന്നീടങ്ങോട്ട് ഇക്വഡോറിന്റെ കനത്ത ആക്രമണമാണുണ്ടായത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 74-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. അയോവി കൊറോസോ നിലംപറ്റെ എടുത്ത ഫ്രീകിക്ക് അതേ രീതിയില്‍ അരോയോ മിന ബുള്ളറ്റ് ഷോട്ടിലൂടെ ഗോളിലേക്കു പായിച്ചപ്പോള്‍ നോക്കിനില്ക്കാന് മാത്രമേ അമേരിക്കന്‍ താരങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
ഒരു ഗോള്‍ തിരിച്ചടിച്ചതോടെ ഇക്വഡോര്‍ സമനില പിടിക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ തിരമാല കണക്കെ ഇക്വഡോര്‍ താരങ്ങള്‍ യുഎസ് ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും അനിവാര്യമായ സമനില ഗോള്‍ വിട്ടകന്നതോടെ യുഎസ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. സെമിയില്‍ അര്‍ജന്റീന-വെനസ്വേല മത്സരത്തിലെ ജേതാക്കളാണ് അമേരിക്കയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: