കൊല്ലം: കുട്ടികളില്‍ പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും കണ്ടെത്താന്‍ വഴിയൊരുക്കും വിധം സ്‌കൂള്‍തലം മുതല്‍ വിദ്യാഭ്യാസം ഗവേഷണതലത്തിലേക്ക് ഉയര്‍ത്തണമെന്നും അതിനായി അദ്ധ്യാപകരുടെ പ്രാഗത്ഭ്യം വര്‍ദ്ധിപ്പിക്കണമെന്നും എ.പി.ജെ.അബ്ദുല്‍ കലാം ടെക്‌നോജളിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കുഞ്ചെറിയ പി.ഐസക് പറഞ്ഞു.
ശ്രീനാരായണ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ പ്രൊഫ.എസ് ശിവപ്രസാദിന്റെ അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ശ്രീനാരായണ എഡ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാര്‍ സ്വാഗതവും, ശ്രീനാരായണ വനിതാകോളേജ് മുന്‍പ്രിന്‍സിപ്പല്‍ പ്രൊഫ.എസ്.സുലഭ അനുസ്മരണ പ്രഭാഷണവും നടത്തി. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ഡോ.എല്‍.വിനയകുമാര്‍ പ്രശസ്തിപത്ര അവതരണം നിര്‍വഹിച്ചു. മികച്ച കോളേജ് അദ്ധ്യാപികക്കുള്ള അവാര്‍ഡ് തൃശ്ശൂര്‍ പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അദ്ധ്യാപിക ഡോ.ഇ.സന്ധ്യയ്‌ക്ക് നല്‍കി ആദരിച്ചു. എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് എം.എല്‍.അനിധരന്‍, ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറി കെ.അമൃതലാല്‍, എന്‍.ജി.ബാബു എന്നിവര്‍ സംസാരിച്ചു.
















