ആര്‍.ടിശ്യാം
കൊല്ലം: കേസുകളുടെ തൊണ്ടി മുതല്‍ മദ്യകുപ്പികള്‍ വരെ നിറഞ്ഞ സിവില്‍ സ്റ്റേഷന്‍. ഭരണസിരാകേന്ദ്രത്തിനുള്ളില്‍ ബോംബ് വച്ചവര്‍ക്ക് ധൈര്യമായതും സിരാകേന്ദ്രത്തിന്റെ പോരായ്‌മ തന്നെ. കോടതി സമുച്ചയങ്ങളും ജില്ലാ കളക്‌ട്രേറ്റും അനവധി പ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന സ്ഥലത്ത് യാതൊരു സുരക്ഷാസൗകര്യവുമില്ല.
പത്തോളം സിസിടിവി കാമറകള്‍ ഉള്ള കളക്‌ട്രേറ്റില്‍ അവ പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങളായി. സിസിടിവി കാമറകള്‍ തകരാറിലായ വിവരം കെല്‍ട്രോണിനെ ഇതുവരെയും രേഖാമൂലം അറിയിച്ചിട്ടില്ല. പരവൂര്‍ വെടിക്കെട്ട് ദുരന്തസമയത്തും വിവാദമായ സിസിടിവി കാമറകളുടെ നിര്‍ജീവ അവസ്ഥ അതുകഴിഞ്ഞ് മാസം പിന്നിടുമ്പോഴും പരിഹരിച്ചില്ല. എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുന്ന ജില്ലാകളക്ടര്‍ ഈ കാര്യത്തില്‍ ശ്രേദ്ധ കേന്ദ്രീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം നടന്ന സ്‌ഫോടനത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചേനെ. കൂടാതെ കളക്‌ട്രേറ്റ് സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗിന്റെ വരാന്തയില്‍ മുഴുവനായി ആക്രിസാധനങ്ങള്‍ ഇട്ടിരിക്കുകയാണ്. കേടുപാട് സംഭവിച്ച മേശകളും കസേരകളും അടക്കമുള്ളവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ മദ്യക്കുപ്പികളും കാണാന്‍ സാധിക്കും. കൂടാതെ പഴയ രേഖകള്‍ അടങ്ങുന്ന ചാക്ക് കെട്ടുകളും ഇത്തരത്തില്‍ കൂട്ടം കൂട്ടി ഇടുന്നതും നിത്യസംഭവമാണ്. ജില്ലാഭരണ സിരാകേന്ദ്രം മാലിന്യം തള്ളുന്ന സ്ഥലമായി അക്ഷരാര്‍ത്ഥത്തില്‍ മാറിയിരിക്കുകയാണ്. കൂടാതെ കോടതിയില്‍ കേസിലെത്തുന്ന തൊണ്ടി മുതലുകളും സര്‍ക്കാര്‍ ഓഫീസുകളിലെ കണ്ടം ചെയ്യാറായ വാഹനങ്ങളുമാണ് പരിസരപ്രദേശങ്ങളില്‍ കൂടുതലായുള്ളത്. ഇവ വര്‍ഷങ്ങളായി കളക്‌ട്രേറ്റ് പരിസരത്ത് കിടക്കുകയാണ്. ഇവ യൊക്കെ നിരീക്ഷിച്ചിട്ടാവണം അക്രമകാരികള്‍ കളക്‌ട്രേറ്റിനെ ബോംബ് സ്‌ഫോടനം നടത്താന്‍ തെരഞ്ഞെടുത്തതും. പെട്ടെന്ന് ആരും തങ്ങളെ സംശയിക്കില്ലെന്ന ഉത്തമബോധ്യവും ഇവര്‍ക്ക് ഉണ്ടായിരുന്നു. അതേസമയം കളക്‌ട്രേറ്റിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ കര്‍ശനസുരക്ഷ സിവില്‍ സ്റ്റേഷനില്‍ ഒരുക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.
















