കൊല്ലം: ലോക വയോജന ചൂഷണ ബോധവല്‍ക്കരണ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ കേരളാ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആഹഌദവും ആവേശവും പകരുന്നതായി. ഐക്യ രാഷ്‌ട്രസഭയുടെ നേതൃത്തില്‍ ജൂണ്‍ 15ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കൊല്ലം സിറ്റി പോലീസും, ജില്ലാ സാമൂഹിക സുരക്ഷാമിഷനും ചേര്‍ന്ന് ജില്ലയിലും പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുളള ശാരീരികവൈകാരിക സാമ്പത്തിക ചൂഷണങ്ങളില്‍ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൊല്ലം സിറ്റി പോലീസ് പ്രത്യേകം തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. ഈ ഡയറക്ടറിയില്‍ അടിയന്തിര സഹായങ്ങള്‍ തേടേണ്ടതായ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഇലക്ട്രിസിറ്റി ഓഫീസുകള്‍, ലൈന്‍മാന്‍മാര്‍, ആശാ വര്‍ക്കേഴ്‌സ്, വാട്ടര്‍ അതോറിട്ടി ഓഫീസുകള്‍, മറ്റ് അടിയന്തിരസഹായം തേടേണ്ടതായ അധികാരികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഫോണ്‍നമ്പരുകളും വിവിധ അധികാരികളില്‍ നിന്നും നേടാവുന്ന രേഖകള്‍, അവ തേടേണ്ടതായ വഴികള്‍, നല്‍കേണ്ട ഫീസ് എന്നി കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രശംസ പിടിച്ചുപറ്റിയ 75 മുതിര്‍ന്ന പൗരന്‍മാരെ മേയര്‍ രാജേന്ദ്രബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സീനിയര്‍ സിറ്റിസണ്‍ ജില്ലാ നോഡല്‍ ഓഫീസറും കൊല്ലം സിറ്റി ഡിസിആര്‍ബിയില്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുമായ ബി.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എന്‍.ജി.പിളള, കെ.എന്‍.കെ.നമ്പൂതിരി, പി.ജഗദന്‍പിളള, ടി.തങ്കച്ചന്‍, ഷീജാ വി.ടൈറ്റസ്, ഗോപകുമാര്‍, സബീനാ ബീഗം, എസ്‌ഐമാരായ ബി.കെ.സുനില്‍ കൃഷ്ണന്‍, ആര്‍.ഫയാസ് എന്നിവര്‍ സംസാരിച്ചു.
















