പായിപ്പാട്: ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. കൊച്ചുപള്ളിക്ക് സമീപം എഴുവന്താനത്ത് പതിനെട്ടില്‍ കുന്നുംപുറത്ത് പി.കെ. കുട്ടിയപ്പന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 7.15കൂടിയാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടര്‍ ഘടിപ്പിച്ച് കത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. സിലിണ്ടര്‍ ഘടിപ്പിച്ച് ബര്‍ണ്ണര്‍ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ബര്‍ണ്ണറില്‍നിന്ന് തീ വരാതെ സിലിണ്ടറിന്റെ റെഗുലേറ്ററില്‍ ചോര്‍ച്ചയുണ്ടായി തീപിടിക്കുകയായിരുന്നു. കുട്ടിയപ്പന്റെ മകള്‍ ഇന്ദിരയാണ് സ്റ്റൗ കത്തിച്ചത്. സിലണ്ടറിന് തീപിടിക്കുന്നത് കണ്ട് ഓടിയെത്തിയ സഹോദരന്‍ ഷാജി സിലിണ്ടര്‍ അടുക്കളയില്‍നിന്ന് വലിച്ച് ഡൈനിംഗ് ഹാളില്‍ എത്തിച്ചപ്പോള്‍ കുറ്റിമറിഞ്ഞുവീണ് തീ ആളിപ്പടരുകയായിരുന്നു. ഈ സമയം വിദ്യാര്‍ത്ഥികളായ കാര്‍ത്തിക, ഉണ്ണി എന്നിവരെ പുറത്തെത്തിച്ചു. അടുക്കളയ്‌ക്ക് വാതില്‍ ഇല്ലാത്തതിനാലാണ് നാശനഷ്ടം ഉണ്ടായത്. കുട്ടിയപ്പനും ഭാര്യ സുമതിയും അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലായിരുന്നു. വീട്ടില്‍ പുകയും തീയുംപുകയും കാരണം ആരൊക്കെ അകത്തുണ്ട് എന്നറിയാനായില്ല. വിവരമറിഞ്ഞ് സമീപത്തെ താമസക്കാരായ ബിഎംഎസ് ചങ്ങനാശേരി മേഖലാ വൈസ്പ്രസിഡന്റ് കെ.ജി. മംഗളനും സംഘവും മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ച് ഇവരെ രക്ഷപ്പെടുത്തി. ഈ വീടിന് മുന്‍വശത്ത് ഒരുവാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ദിരയുടെ വലതുകൈക്ക് നിസാര പൊള്ളലേറ്റു. ഷാജിയുടെ ഇരുകൈകളും ശരീരത്തിലും 50 ശതമാനം പൊള്ളലേറ്റു. വിവരമറിഞ്ഞ് ചങ്ങനാശേരി ഫയര്‍ഫോഴ്‌സും തൃക്കൊടിത്താനം പോലീസും സ്ഥലത്തെത്തി. പോലീസാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഷാജിയെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റി, പഠനോപകരണങ്ങള്‍, ടിവി, ഹോം തിയേറ്റര്‍, സെറ്റി, അലമാര തുടങ്ങി മിക്കതും അഗ്നിക്കിരയായി. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതുമൂലമാണ് കൂടുതല്‍ നശനഷ്ടം ഉണ്ടാകാഞ്ഞത്. ബിഎംഎസ് തൊളിലാളികള്‍ രാവിലെ കെ.ജി.മംഗളന്റെ വീട്ടില്‍ യോഗം കൂടുമ്പോഴാണ് ദുരന്തമറിഞ്ഞ് ഇവര്‍ അവിടെയെത്തിയത്.
















