പത്തനാപുരം: പട്ടണത്തിലെ പ്രധാനസ്‌കൂളിലെ ഹോസ്റ്റലിലെ മലിനജലം ഒഴുകുന്നത് റോഡിലൂടെ. നാടുനീളെ ഡെങ്കിപ്പനി അടക്കമുളള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് പത്തനാപുരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഇത്തരം ഒരു കാഴ്ച കാണാന്‍ സാധിക്കുന്നത്. ഹോസ്റ്റലിലെ മതില്‍കെട്ടില്‍ നിന്നും പൈപ്പ് വഴി പുറത്തുചാടുന്ന മലിനജലം കുന്നിക്കോട്, പത്തനാപുരം റോഡിലോട്ടാണ് ഒഴുകിയെത്തുന്നത്. ദിവസങ്ങളായി ഇങ്ങനെ ഒഴുകികൊണ്ടിരിക്കുമ്പോഴും വേണ്ട നടപടി സ്വീകരിക്കേണ്ട ആരോഗ്യവകുപ്പാകട്ടെ ഇത് കണ്ടിെല്ലന്നു നടിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിനു പേരാണ് റോഡിലൂടെ ഒഴുകുന്ന മലിനജലത്തില്‍ ചവിട്ടി കാല്‍നട യാത്രചെയ്യുന്നത്. കൂടാതെ റോഡില്‍ കെട്ടിക്കിടക്കുന്ന മലിന ജലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രികരുടെ ശരീരത്ത് തെറിക്കുന്നതും പതിവാണ്. കഴിഞ്ഞ നാല് ദിവസമായി മലിനജലം റോഡിലൂടെ ഒഴുകുമ്പോഴും സ്‌കൂള്‍ മാനേജ്‌മെന്റെ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലന്നും ആക്ഷേപമുണ്ട്. മലിനജലത്തില്‍ വരുന്ന ദുര്‍ഗന്ധം കാരണം സമീപത്തെ കച്ചവടക്കാരും പ്രതിഷേധത്തിലാണ്.
















