കാലാബറുഗി: യുപിയില്‍ ഗംഗാതീരെത്ത ഗുംനാമി ബാബ നേതാജിയായിരുന്നുവെന്ന കഥയ്ക്ക് അനുബന്ധമായി കര്‍ണാടകത്തിലെ ബീദറില്‍ നിന്നൊരു’നേതാജിക്കഥ’. ഗുംനാമി ബാബയ്ക്ക് നേതാജിയുമായുള്ള സാദൃശ്യങ്ങള്‍ ഫോട്ടോകളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍, ബീദറിലെ ഊരും പേരും അറിയാത്ത, ധാരി മുത്തിയയെന്ന് ഗ്രാമീണര്‍ പേരിട്ടു വിളിച്ച, വൃദ്ധന്റെ ജീവിതം യാഥാര്‍ത്ഥ്യത്തോട് ഏറെ അടുത്തു നില്ക്കുന്നു.
ധാരി മുത്തിയ മരിച്ചപ്പോള്‍ ബാക്കിവെച്ചത്, ഒരു സൈനിക യൂണിഫോം, ലോകമഹായുദ്ധകാലത്തോളം പഴക്കമുള്ള ജര്‍മ്മന്‍ നിര്‍മ്മിത വാച്ച്, 1932 മോഡല്‍ കോംപസ്, ഫ്രാന്സിലുണ്ടാക്കിയ ബൈനോക്കുലര്‍ തുടങ്ങിയവ. എല്ലാം നേതാജിയെ ഓര്‍മ്മിപ്പിക്കുന്നവ.
ആരായിരുന്നു, എന്തായിരുന്നു എന്നറിയില്ലെങ്കിലും ലാല്ധാരിയിലെ ഗ്രാമീണര്‍ അദ്ദേഹത്തെ ധാരി മുത്തിയ എന്നു വിളിച്ചു. തൊണ്ണൂറിനും നൂറിനുമിടയില്‍ പ്രായമുണ്ടായിരുന്നു മരിക്കുമ്പോള്‍ ധാരി മുത്തിയക്ക്.
ബീദറിലെ ഹുമാനാബാദില് ബീദര്‍ ശ്രീരംഗപട്ടണ ഹൈവേയ്ക്കു സമീപമാണ് ധാരി മുത്തിയ താമസിച്ചിരുന്നത്. എല്ലാവരോടുമായി അദ്ദേഹത്തിന് പ്രിയപ്പെട്ടൊരു ചോദ്യമുണ്ടായിരുന്നു- ”നിങ്ങള്‍ സുഭാഷ് ചന്ദ്രബോസിനെ ഓര്‍ക്കുന്നുവോ?” ധാരി സെറ്റില്മെന്റിലെത്തുന്ന സന്ദര്‍ശകരെ ധാരി മുത്തിയ നേതാജിയുടെ ഫോട്ടോ കാണിക്കും, ചോദ്യമാവര്വത്തിക്കും. ഇതു നേതാജിയെന്ന മറുപടി കേള്‍ക്കുമ്പോള്‍ ഉള്ളുതുറന്ന് ചിരിക്കും.
ധാരി മുത്തിയ അന്തരിച്ചത് 2001 മെയ് 13ന്. അതേ ഗ്രാമത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃകയില്‍ വലിയൊരു കെട്ടിടം പണിതിരുന്നു അദ്ദേഹം. മരിച്ചപ്പോള്‍ അവിടെയാണ് അടക്കം ചെയ്തത്. പക്ഷേ വലിയ 32 തൂണുകളോട് കൂടിയ അത്രയും വലിയ കെട്ടിടം പണിയാന്‍ പണം എങ്ങനെ അദ്ദേഹം കണ്ടെത്തിയെന്നതു മാത്രം ആര്‍ക്കും അറിയില്ല.
ധാരിമുത്തിയ മരിച്ച് പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ആ വലിയ കെട്ടിടത്തിലെ രഹസ്യമുറിയില്‍ നിന്ന് അടുത്തയിടെ ഒരു സ്യൂട്ട്കേസ് കണ്ടെടുത്തു. തുണി വ്യവസായിയായ ശാന്താറാം മുര്ജാനിയാണ് സ്യൂട്ട്കേസ് കണ്ടെടുത്തത്. അദ്ദേഹത്തിന്റെ അച്ഛന് അമുല്‍ മുര്ജാനി 1971ല്‍ ഷോലാപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സൈനിക വേഷത്തില്‍ കണ്ട ധാരി മുത്തിയയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ 1985 വരെ അതിഥിയായി കഴിഞ്ഞു. പിന്നെ ലാല്ധാരിയിലേക്ക് താമസം മാറ്റി.
രഹസ്യമുറിയില്‍ നിന്ന് ശാന്താറാം കണ്ടെത്തിയതത്രയും അതിശയിപ്പിക്കുന്നവ. മുറിയില്‍ നിന്ന് ലഭിച്ച വൃദ്ധന്റെ പല്ലും മുടിയും നേതാജിയുടേതുമായി സാമ്യമുണ്ടോയെന്നറിയാന് ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് ശാന്താറാമിപ്പോള്. ഇക്കാര്യത്തില്‍ നേതാജിയുടെ പൗത്രന് അര്ധേന്ദു ബോസിന്റെ പിന്തുണയും ശാന്താറാമിനുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കൂടിയേ ബാക്കിയുള്ളൂ.
















