പാരിസ്: ഐസില്‍ തെന്നിയ പോര്‍ച്ചുഗലിന് യൂറോ 2016-ല്‍ നിറം മങ്ങിയ തുടക്കം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ വിശ്വാസമര്‍പ്പിച്ച് യൂറോയിലെ ആദ്യമത്സരത്തിനിറങ്ങിയ പോര്‍ച്ചുഗലിനെ താരതമ്യേന ദുര്‍ബലരും യൂറോയിലെ കന്നിക്കാരുമായ ഐലസ്ലന്ഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 31-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ നാനിയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടിയെങ്കിലും 50-ാം മിനിറ്റില്‍ ജാര്‍നാസണ്‍ ഐസ്ലന്ഡിന്റെ സമനില ഗോള്‍ നേടി.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും പോര്‍ച്ചുഗല്‍ ഐസ്ലന്ഡിനേക്കാള് ഏറെ മുന്നിലായിരുന്നു. മത്സരത്തിലാകെ പോര്‍ച്ചുഗല്‍ ഒരുക്കിയെടുത്തത് 26 ഗോളവസരങ്ങള്‍. എന്നാല്‍ ലക്ഷ്യത്തിലെത്തിയതാകട്ടെ ഒന്നും. നാല് ഗോളവസരങ്ങള്മാത്രം ലഭിച്ച പാനമ അതിലൊന്ന് ലക്ഷ്യത്തിലെത്തിച്ച് ജയത്തോളം പോന്ന സമനില സ്വന്തമാക്കുകയും ചെയ്തു. ബാറിന് കീഴില്‍ ഉജ്ജ്വല പ്രകടനവുമായിനിന്ന ഐസ്ലന്ഡ് ഗോള്‍കീപ്പര്‍ ഹാന്നര് ഹാള്ഡോര്സനും ഐസ്ലന്ഡ് പ്രതിരോധനിരയും ചേര്‍ന്നാണ് പോര്‍ച്ചുഗീസ് വിജയം തടഞ്ഞത്.
കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ അവസരം ലഭിച്ചത് ഐസ്ലന്ഡിന്. ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് അവരുടെ ഗില്‍ഫി സിഗുഡ്സണ്‍ പായിച്ച വലംകാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി തടുത്തിട്ടു. റീബൗണ്ട് പന്ത് വീണ്ടും സിഗുഡ്സണ്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും വീണ്ടും പോര്‍ച്ചുഗല്‍ ഗോളി രക്ഷകനായി.
തൊട്ടുപിന്നാലെ പോര്‍ച്ചുഗല്‍ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ജാവോ മൗടീഞ്ഞോയുടെ ക്രോസ് നാനി വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഐസ്ലന്ഡ് ഗോളി രക്ഷപ്പെടുത്തി. പിന്നീടങ്ങോട്ട് പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. 12-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ശ്രമം ഐസ്ലന്ഡ് പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. 18-ാം മിനിറ്റില്‍ വെറീഞ്ഞോയുടെയും മൂന്നുമിനിറ്റിനുശേഷം നാനിയുടെയും ഷോട്ടുകള്‍ ഐസ്ലന്ഡ് ഗോളി വിഫലമാക്കി.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 31-ാം മിനിറ്റില്‍ പറങ്കികള്‍ ലീഡ് നേടി. ഇടത് മൂലയില്‍ നിന്ന് ഗോമസ് നീട്ടി നല്കിയ പന്താണ് നാനി പോസ്റ്റിലേക്ക് തിരിച്ചുവിട്ടത്. അതുവരെ മികച്ച പ്രകടനങ്ങളുമായി പോസ്റ്റിന് മുന്നില്‍ കാവല്‍ നിന്ന ഐസ്ലന്ഡ് ഗോളിക്ക് പിഴച്ചു. പന്ത് വലയില്‍. യൂറോയുടെ ചരിത്രത്തിലെ 600-ാം ഗോളായിരുന്നു ഇത്. തുടര്‍ന്ന് റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയ പോര്‍ച്ചുഗലിന് പക്ഷേ ലക്ഷ്യത്തിലെത്താനായില്ല.
രണ്ടാം പകുതിയുടെ തുടങ്ങി അഞ്ച് മിനിറ്റായപ്പോഴേക്കും ഐസ്ലന്ഡ് സമനില കണ്ടെത്തി. ബോക്സിന്റെ വലതുഭാഗത്തുനിന്നും ഗുഡ്മുണ്ഡ്സണ് ഉയര്‍ത്തി നല്കിയ പന്തിനെ മികച്ചൊരു വോളിയിലൂടെ ജാര്‍നാസണ്‍ ഗോളിലേക്ക് തിരിച്ചുവിട്ടു. ലീഡ് കൈവിട്ടെങ്കിലും പോര്‍ച്ചുഗല്‍ തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തി അവസരങ്ങള്‍ സൃഷ്ടിച്ചു.
എന്നാല്‍ ഷോട്ടുകള്‍ പലതും പുറത്തേക്ക് പറന്നപ്പോള്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയതെല്ലാം ഐസ്ലന്ഡ് ഗോളിയുടെ മികവിനു മുന്നിലും വിഫലമായി. മഞ്ഞുപാളി പോലെ ഉറച്ചുനിന്ന ഐസ്ലന്ഡ് പ്രതിരോധവും മിന്നുന്ന പ്രകടനമാണ് റൊണാള്‍ഡോക്കും കൂട്ടര്‍ക്കും മുന്നില്‍ പുറത്തെടുത്തത്. ഇതോടെ വിജയത്തോളം പോന്ന സമനിലയുമായി ആദ്യ മത്സരത്തില്‍ നിന്ന് ഐസ്ലന്ഡ് മൈതാനത്തുനിന്ന് കയറി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹംഗറി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്ട്രിയയെയും കീഴടക്കി വിജയത്തുടക്കം നേടി. ഗ്രൂപ്പില്‍ മൂന്നുപോയിന്റുമായി ഹംഗറി ഒന്നാമതും ഒരു പോയിന്റ് വീതമുള്ള പോര്‍ച്ചുഗലും ഐസ്ലന്ഡും രണ്ടാമതും നില്ക്കുന്നു. 18ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഐസ്ലന്ഡ് ഹംഗറിയെയും പോര്‍ച്ചുഗല്‍ ആസ്ട്രിയയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: