കൊല്ലം: പാരിപ്പള്ളി സ്റ്റേഷനിലെ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച വിസ്താരം അവസാനിച്ചത് വൈകുന്നേരം അഞ്ചിന്. കേസിലെ ആദ്യ രണ്ട് സാക്ഷികളെയാണ് വിസ്തരിച്ചത്.
ഒന്നാം സാക്ഷി പാരിപ്പള്ളി സ്റ്റേഷനിലെ സിപിഒ സംഭവസ്ഥലത്ത് ആദ്യമെത്തിയ മധുവിനെയാണ് കോടതി തുടക്കത്തില്‍ വിസ്തരിച്ചത്. താന്‍ സംഭവം നേരിട്ട് കണ്ടില്ലെന്നും വയര്‍ലസ് മെസേജ് മുഖേനേ താനും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് സംഭവസ്ഥലമായ ജവഹര്‍ ജംഗ്ഷനില്‍ എത്തുകയായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ആ സമയം പോലീസ് ജീപ്പ് ലൈറ്റ് പ്രകാശിപ്പിച്ച് കിടക്കുകയും അതിന്റെ സമീപത്തായി എഎസ്‌ഐ ജോയി അടിവയര്‍ തപ്പിപിടിച്ച് കൊണ്ടുനില്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് എഎസ്‌ഐ ജോയി മണിയന്‍പിള്ളയെ ആശുപത്രിയില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജീപ്പിനുള്ളില്‍ സ്റ്റിയറിംഗില്‍ കമഴ്ന്നു കിടക്കുകയായിരുന്ന മണിയന്‍പിള്ളയെ അതേ ജീപ്പില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും സിപിഒ അയിരുന്ന ഇപ്പോഴത്തെ ഗ്രേഡ് എഎസ്‌ഐ ജോയി കോടതിയില്‍ പറഞ്ഞു.
രണ്ടാമതായി കേസിലെ പ്രധാന സാക്ഷിയും സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്ത പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ജോയിയെ വിസ്തരിച്ചു. അന്നേ ദിവസം താനും മണിയന്‍പിള്ളയും പെട്രോളിംഗ് നടത്തുന്നതിനിടെ ജവഹര്‍ ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ഒമ്‌നിവാന്‍ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ജീപ്പില്‍ നിന്നിറങ്ങിയ തങ്ങള്‍ വാഹനത്തിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ ഡ്രൈവിംഗ് സീറ്റില്‍ കമഴ്ന്നുകിടക്കുന്നതായി കണ്ടു. അയാളെ തട്ടിവിളിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ലൈറ്റിട്ടു. എവിടെ പോയിട്ട് വരുന്നുവെന്ന് ചോദിച്ചപ്പോള്‍ കാറ്ററിംഗ് സര്‍വീസ് ജോലിയാണെന്നും അത് കഴിഞ്ഞ് മടങ്ങിവരുകയാണെന്നും പറഞ്ഞു.
വാഹനത്തിന്റെ ബുക്കും പേപ്പറും ആവശ്യപ്പെട്ടപ്പോള്‍ ഇല്ലയെന്ന് മറുപടി നല്‍കി. അപ്പോള്‍ മണിയന്‍പിള്ള ഒമ്‌നി വാനില്‍ നിന്നും ലഭിച്ച ഡിഷ്ബാഗില്‍ കമ്പിപാരയും സ്‌ക്രൂഡൈവറും കണ്ടെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് വരാന്‍ പറയുകയും ഇയാള്‍ ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് തിരികെ നോക്കിയപ്പോള്‍ മണിയന്‍പിള്ളയുമായി ഇയാള്‍ ചേര്‍ന്ന് നില്‍ക്കുകയായിരുന്നു തുടര്‍ന്ന് തന്നെയും കുത്തിയപ്പോഴാണ് ഇയാള്‍ മണിയന്‍പിള്ളയെയും കുത്തിപരിക്കേല്‍പ്പിച്ചത് മനസിലായത് ഉടന്‍ തന്നെ വയര്‍ലെസ് സെറ്റിലൂടെ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിപിഒ മധുവും മറ്റൊരു പോലീസുകാരനും ഓട്ടോയില്‍ അവിടെ എത്തുകയും മണിയന്‍പിള്ളയെ ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതും താന്‍ ഓട്ടോയില്‍ പിന്നാലെ പോകുകയും വഴിമധ്യേ ചാത്തന്നൂര്‍ പോലീസ് വാഹനം വരുകയും അതില്‍ പിന്നീട് ആശുപത്രിയിലേക്കു പോകുകയും ചെയ്തു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്റെ ബോധം പോയെന്നും ബോധം തെളിഞ്ഞപ്പോള്‍ അന്നത്തെ സി.ഐ. ജവഹര്‍ ജനാര്‍ദ്ദനന്‍ കൊണ്ടുകാണിച്ച ക്രിമിനലുകളുടെ ചിത്രങ്ങള്‍ നോക്കിയാണ് പ്രതി ആട് ആന്റണിയാണെന്ന് തിരിച്ചറിഞ്ഞതെന്നുമാണ് ജോയിയുടെ മൊഴി.
















