കോഴിക്കോട്: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡിന്റെ നട്ടെല്ല് തൊഴിലാളി സംഘടനകളാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ. ലക്ഷ്മറെഡ്ഡി അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രാദേശികകേന്ദ്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ക്ഷേമ നടപടികളെക്കുറിച്ചും തൊഴില്‍ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. വിവിധ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. നിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസിന്റെ സിലബസ് പരിഷ്‌ക്കരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സിലബസ് പുതുക്കുന്നതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനായി പരിഗണനയിലാണ്. ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്കുള്ള അലവന്‍സ് നൂറില്‍ നിന്ന് 250 ആയി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബോര്‍ഡിന് കീഴിലെ റൂറല്‍ വളണ്ടിയര്‍മാര്‍ക്കും ഫെസിലിറ്റേറ്റര്‍മാര്‍ക്കും നല്‍കുന്ന അലവന്‍സ് ഇരട്ടിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലായ് കേന്ദ്രീയഭവനിലെ പ്രാദേശിക കേന്ദ്രത്തില്‍ നടന്ന സ്വീകരണചടങ്ങില്‍ പ്രാദേശികകേന്ദ്രം ഉപദേശകസമിതി ചെയര്‍മാന്‍ പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളി വിദ്യാഭ്യാസബോര്‍ഡ് മേഖലാ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ടി.കെ. ലിസ്സി, കെ. ലക്ഷ്മറെഡ്ഡിയെ ഷാള്‍ അണിയിച്ചു. ഇഎസ്‌ഐ സെന്‍ട്രല്‍ ബോര്‍ഡ് അംഗം വി. രാധാകൃഷ്ണന്‍, ബിഎംഎസ് ആര്‍എ സംസ്ഥാന പ്രസിഡന്റ് സുരേഷ്‌കുമാര്‍, എല്‍ഐസി ഏജന്റ്‌സ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം. ഉല്ലാസ്, വൈസ്പ്രസിഡന്റ് പ്രസന്ന, ബിഎംഎസ് ജില്ലാ ഭാരവാഹികളായ റീന സഹദേവന്‍, വെള്ളാരക്കല്‍ ചന്ദ്രന്‍, കെ.കെ. പ്രേമന്‍, സ്ത്രീചേതന ജനറല്‍സെക്രട്ടറി ഡോ. കെ.എസ്. ജയശ്രീ, അഡ്വ. സിജോ, എം.കെ. ബീരാന്‍(ഐഎന്‍ടിയുസി), അനില്‍കുമാര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), ശ്രീകുമാര്‍, ഷംസുദ്ദീന്‍, ദാമോദരന്‍ മടവന്‍കണ്ടി, കെ. അബ്ദുല്‍ഖാദര്‍, അബ്ദുല്‍കലാം, മുജീബ്‌റഹ്മാന്‍, റുഷ്ദ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ എജ്യുക്കേഷന്‍ ഓഫീസര്‍ കെ. സോജന്‍ ജോസഫ് സ്വാഗതവും പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















