നാം പിന്നിട്ട കൊടുംവേനല്‍ ഒരാളും മറക്കില്ല. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും, തളര്‍ന്ന് ഉറക്കം പിടിക്കുമ്പോഴും അത്യുഷ്ണം തന്നെ. പാലക്കാട് ജില്ലയിലായിരുന്നു പകുതി തിളച്ച വെള്ളത്തിന്റെ അവസ്ഥ.
കാലത്തിന്റെ മാറ്റം തന്നെയാണ് ഇങ്ങനെയൊക്കെ വന്നുചേരാനിടവന്നത്. വലിയ പറമ്പുകള്‍ ഇന്ന് അപൂര്‍വമായിത്തീര്‍ന്നു. അതിനാല്‍ ആ പ്രദേശത്ത് നിറയെ വീടുകള്‍ വന്നാല്‍ ഒരു ഇലക്കഷ്ണം പോലും എടുക്കാന്‍ കാണില്ല. കൂട്ടുകുടുംബം നിലനിന്നിരുന്ന കാലത്ത് ധാരാളം ഫലവൃക്ഷങ്ങള്‍ പറമ്പുകളില്‍ കാണുമായിരുന്നു. ഇന്ന് കാലം മാറിക്കഴിഞ്ഞു.
ശുദ്ധജലത്തിന്റെ ക്ഷാമം അനുഭവിച്ചു തുടങ്ങി.അത് വളര്‍ന്നാലുള്ള അവസ്ഥയെന്താവും. ഓര്‍ക്കാന്‍ കൂടി വയ്യ. വൃക്ഷത്തൈ ആരാധിച്ച് ശീലിപ്പിച്ചത് ഒന്നും കാണാതെയാവില്ല. അരയാലിന് പ്രദക്ഷിണം വയ്‌ക്കലും എല്ലാം പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കയാണ്. പുഴകള്‍ കഥയായിക്കൊണ്ടിരിക്കുകയാണ്. ഭാവി എങ്ങനെ എവിടെ എത്തും അറിയില്ല.
വനനശീകരണത്തിന് കുറവല്ല.
അവിടെ വസിക്കുന്ന വന്യമൃഗങ്ങള്‍ വനത്തോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലേക്ക് കടന്നുവരുന്നു. അതുപോലെ ധാരാളം അനുഭവങ്ങള്‍ നമുക്കുണ്ട്.
വിദേശത്ത് താമസിച്ചിരുന്ന ഒരുമലയാളി അവിടുന്ന് ലീവിനുവന്നസമയത്ത് നാട്ടില്‍ വന്നപ്പോള്‍ ഒരു കുന്ന് സ്വന്തമാക്കി. മരുഭൂമിയില്‍ ചെടി നനച്ചു വളര്‍ത്തുന്ന തൊഴിലായിരുന്നു അയാള്‍ക്ക്‌ജോലി. അതിന്റെ ഇടയില്‍ ആലോചിച്ച് കണ്ടുപിടിച്ചതായിരുന്നു കുന്ന് വാങ്ങലില്‍ എത്തിച്ചേര്‍ന്നത്. ആ കുന്നാകട്ടെ അഞ്ച് വര്‍ഷത്തിനകം കൊടുംകാടാക്കിത്തീര്‍ത്തു.
ഈ പറമ്പിനകത്ത് ഒട്ടുംവെള്ളമില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റില്‍ അതോടെ നിറയെ വെള്ളവുമായി. ഒരുസമയത്തും വറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴും. കഴിയാവുന്നിടത്ത് മരങ്ങള്‍ വച്ച് പിടിപ്പിക്കുവാന്‍ നാമെല്ലാം മനസ്സുവെക്കുക. ഭാവിയില്‍ വളരുന്ന പിന്‍ഗാമികള്‍ക്കത് നല്ല പാഠവും ഗുണവുമാകട്ടേ.
















