കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ആശ്വാസജയവും സ്വന്തമാക്കി കരുത്തരായ ഉറുഗ്വെ മടങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജമൈക്കയെയാണ് അവര്‍ കീഴടക്കിയത്. നേരത്തെ മെക്സിക്കോയോടും വെനസ്വേലയോടും തോറ്റ ഉറുഗ്വെ മൂന്നുപോയിന്റുമായി മൂന്നാമതാണ്. 1997നു ശേഷം ആദ്യമായാണ് ഉറുഗ്വെയില്ലാതെ ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നത്. മെക്സിക്കോയും വെനസ്വേലയും ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മൂന്നു മത്സരങ്ങളും തോറ്റ ജമൈക്കക്ക് പോയിന്റൊന്നുമില്ല. ആറ് ഗോളുകള്‍ വഴങ്ങിയ അവര്‍ ഒരെണ്ണം പോലും തിരിച്ചടിച്ചിട്ടുമില്ല.
ഇന്നലെയും സൂപ്പര്‍താരം ലൂയി സുവാരസിനെ പുറത്തിരുത്തിയാണ് ഉറുഗ്വെ മൈതാനത്തിറങ്ങിയത്. ഉറുഗ്വെക്കായി ആബേല്‍ ഹെര്‍ണാണ്ടസും മത്തിയാസ് കൊറൂജയും ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ജമൈക്കയുടെ പ്രതിരോധ താരം വാട്സന്റെ സംഭാവനയായിരുന്നു. ക്ലിയര്‍ ചെയ്യുന്നതിനിടെ വാട്സന്റെ കൈയില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ജമൈക്കന്‍ ഗോളിയുടെ മികച്ച രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഉറുഗ്വെയെ തടഞ്ഞുനിര്‍ത്തിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച മുന്നേറ്റമാണ് ഉറുഗ്വെ താരങ്ങള്‍ നടത്തിയത്. എന്നാല്‍ സുവാരസിന്റെ അഭാവത്തില്‍ ഗോള്‍ നേടേണ്ട ചുമതലയുള്ള എഡിസണ് കവാനി ഇൗ മത്സരത്തിലും നിറം മങ്ങി. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ആബേല്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ജമൈക്കന്‍ ഗോളി ബ്ലേക്ക് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം കവാനിയുടെ ശ്രമം ബാറിന് മുകളിലൂടെ പറന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 21-ാം മിനിറ്റില്‍ ഉറുഗ്വെ ആദ്യ ഗോള്‍ നേടി.
നിക്കോളാസ് ലോഡിയേരോ നല്കിയ പാസില്‍ നിന്നായിരുന്നു ആബേല്‍ ഹെര്‍ണാണ്ടസിന്റെ ഗോള്‍. 27-ാം മിനിറ്റില്‍ ജമൈക്കന്‍ താരങ്ങള്‍ സുന്ദരമായ ഒരു നീക്കം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 36-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ജമൈക്കന്‍ ഗോളി തടുത്തിട്ടപ്പോള്‍ രണ്ട് മിനിറ്റിനുശേഷം ഡീഗോ ഗോഡിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇതോടെ ആദ്യപകുതിയില്‍ 1-0ന് ഉറുഗ്വെ മുന്നിട്ടുനിന്നു.
57-ാം മിനിറ്റില്‍ എഡിസണ് കവാനിയുടെ ഷോട്ട് ലക്ഷ്യം തെറ്റി ബാറിന് മുകളിലൂടെ പറന്നു. അധികം കഴിയും മുന്‍പേ ജമൈക്കന്‍ വലയില്‍ രണ്ടാം തവണ പന്തെത്തി. ഉറുഗ്വെയുടെ ലോഡിയേരോ ബോക്സിലേക്ക് നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച വാട്സന്റെ ദേഹത്തുത്തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.
88-ാം മിനിറ്റില്‍ ഉറുഗ്വെ പട്ടിക പൂര്‍ത്തിയാക്കി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മത്തിയാസ് കൊറൂജയാണ് ഇത്തവണ നിറയൊഴിച്ചത്. കളിയുടെ പരിക്കുസമയത്ത് എഡിസണ് കവാനി മറ്റൊരു അവസരവും നഷ്ടപ്പെടുത്തിയതിന് പിന്നാലെ കളി അവസാനിച്ചുകൊണ്ടുള്ള റഫറിയുടെ ലോങ് വിസിലും മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: