കരുവിശ്ശേരി: കരുവിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാനികേതന്‍ സ്‌കൂളായ സരസ്വതി പ്രസാദം ശിശു മന്ദ്രിത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവം. സ്‌കൂളിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. സ്‌കൂളിന്റെ ബോര്‍ഡ്, സമീപത്തായി ഹിന്ദുഐക്യവേദി സ്ഥാപിച്ച കൊടിമരം, സേവാഭാരതി ബസ് സ്റ്റോപ്പ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
സരസ്വതി ശിശു മന്ദിരത്തിന് നേരെയുള്ള സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കരുവിശ്ശേരിയില്‍ പ്രകടനം നടത്തി.
കരുവിശ്ശേരി സരസ്വതി പ്രസാദം ശിശുവിദ്യാ മന്ദിരത്തിന് നേരെയുണ്ടായ സാമൂഹ്യ വിരുദ്ധരുടെ അക്രമത്തില്‍ വിദ്യാലയ സമിതിയും ഭാരതീയ വിദ്യാ നികേതന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. നിരന്തരമായി ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കുന്നതായും രണ്ട് വര്‍ഷം മുമ്പ് ഇതേ വിദ്യാലയം ആക്രമിക്കപ്പെട്ടിരുന്നുവെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ മാസ്റ്റര്‍,ഭാരതീയ വിദ്യാനികേതന്‍ മേഖലാ സംയോജകന്‍ ടി. വിജയന്‍, ജില്ലാ സംയോജകന്‍ കെ.എം. ഗംഗാധരന്‍, ജില്ലാ സഹകാര്യദര്‍ശി എം. കൃഷ്ണദാസ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
















