കൊല്ലം: പേരൂര്‍ മീനാക്ഷി വിലാസം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇ-ബ്ലോക്ക് കെട്ടിടത്തിലെ അധ്യയനം നിര്‍ത്തിവക്കാനുള്ള ദുരന്തനിവാരണ നിയമ പ്രകാരം പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ നിര്‍ദേശിച്ചു. ഇ-ബ്ലോക്ക് കെട്ടിടം പുതുക്കിപ്പണിത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം മാത്രമേ അധ്യയനം തുടരാന്‍ പാടുള്ളൂവെന്ന് ജൂണ്‍ എട്ടിനിറക്കിയ ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അപകടമായി നില്‍ക്കുന്ന സണ്‍ഷെയ്ഡ് പൊളിച്ചുനീക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. കെട്ടിടം അപകടകരമായ നിലയിലാണെന്ന് കൊറ്റംകര വില്ലേജ് ഓഫീസര്‍ മൂന്നിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കളക്ടര്‍ ചുമതലപ്പെടത്തിയിരുന്നു. കെട്ടിടം അപകടാവസ്ഥയിലാണെന്നും യാതൊരു കാരണവശാലും ഇവിടെ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ രണ്ടു മീറ്റര്‍ അകലത്തില്‍ മാത്രമാണ് മറ്റ് രണ്ടു സ്‌കൂള്‍ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ളവരുടെ സുരക്ഷക്ക് വേണ്ടി ഇ-ബ്ലോക്ക് കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള സണ്‍ഷെയ്ഡ് പൊളിച്ചു നീക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
















