കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തില്‍ നിന്നും അന്യം നിന്നുപോയെന്ന് കരുതിയിരുന്ന ശുദ്ധജല മത്സ്യമായ ഏട്ടയുടെ സജീവസാന്നിധ്യം വീണ്ടും. ഒരു കാലത്ത് തടാകത്തില്‍ സുലഭമായി ഉണ്ടായിരുന്ന മത്സ്യമാണ് ഏട്ട.
ശാസ്താംകോട്ട ശ്രീധര്‍മശാസ്താക്ഷേത്ര ഐതിഹ്യവുമായി ഈ മത്സ്യങ്ങളും ബന്ധപ്പെട്ട് കിടന്നിരുന്നു. പാറക്കെട്ടുകള്‍ക്കും കൈതച്ചെടികള്‍ക്കും ഇടയിലാണ് ഇവ മുട്ടയിട്ട് പ്രജനനം നടത്തുന്നത്. എന്നാല്‍ തടാകം അനിയന്ത്രിതമായി വറ്റിയതിനെ തുടര്‍ന്ന് ഏട്ട മത്സ്യങ്ങളും അപ്രത്യക്ഷമായിതുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് തടാകത്തിലെ ജലനിരപ്പ് ക്രമമായി ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ ഏട്ട മത്സ്യങ്ങളും തിരികെ എത്തുകയായിരുന്നു. ഇതറിഞ്ഞ് മീന്‍പിടിത്തസംഘങ്ങളും ഇന്നലെ മുതല്‍ തടാകത്തില്‍ സജീവമായി.
ഏട്ടയെ കൂടാതെ ശുദ്ധജലമത്സങ്ങളായ വിരളി, വാഹ, വരാല്‍ തുടങ്ങിയ ഇനങ്ങളുടെ ലഭ്യതയും കണ്ടെത്തിയിട്ടുണ്ട്. ഏട്ട മത്സ്യം കിലോക്ക് 400 രൂപ വരെയാണ് ഈടാക്കുന്നത്. ഇന്നലെ ആഞ്ഞിലിമൂട്ടിലും മറ്റ് ഇടങ്ങളിലുമായി വില്‍പ്പന തകൃതിയായിരുന്നു. തടാകത്തിലെ ജലമെടുപ്പിന്റെ അളവ് വാട്ടര്‍അതോറിട്ടി കുറച്ചതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയാക്കിയത്. ശക്തമായ മഴയില്‍ വെള്ളം കലങ്ങിയതോടെ മത്സ്യങ്ങള്‍ കൂട്ടമായി തീരത്തേക്ക് എത്തുകയാണ്. ഏട്ട മത്സ്യങ്ങള്‍ പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്.
















