കരുനാഗപ്പള്ളി: സ്‌കൂള്‍ വാഹന വിതരണോദ്ഘാടനത്തില്‍ നിന്നും എംഎല്‍എ വിട്ടുനിന്നത് വിവാദത്തില്‍. മുന്‍ എംഎല്‍എ സി.ദിവാകരന്റെ വികസനഫണ്ടില്‍ നിന്നും കരുനാഗപ്പള്ളി മണ്ഡലത്തിന്റെ എട്ട് സര്‍ക്കാര്‍ സ്‌കൂളിലേക്ക് അനുവദിച്ച സ്‌കൂള്‍ ബസുകളുടെ വിതരണത്തില്‍ നിന്നുമാണ് നിലവിലെ എംഎല്‍എ ആര്‍.രാമചന്ദ്രന്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഐയില്‍ ഉണ്ടായ ചേരിതിരിവ് തുടരുന്നതിന്റെ തെളിവാണ് മണ്ഡലത്തിലെ പ്രധാന പരിപാടിയില്‍ എംഎല്‍എ വിട്ടുനിന്നതെന്നാണ് സൂചന. കരുനാഗപ്പള്ളിയില്‍ സി.ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ആവശ്യം തള്ളുകയായിരുന്നു. അന്നുമുതല്‍ തുടങ്ങിയ വിവാദം തുടരുകയാണ്. ആര്‍.രാമചന്ദ്രനെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ വ്യക്തമാക്കുന്നു. എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്ന സാഹചര്യത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന സ്‌കൂള്‍ബസുകളുടെ വിതരണം നിര്‍വഹിച്ചു.
















