കുന്നത്തൂര്‍: പോരുവഴി പള്ളിമുറിയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ കിടപ്പാടംപോലും നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ക്ക് സഹായഹസ്തവുമായി യുവമോര്‍ച്ച. വീട് പൂര്‍ണമായും തകര്‍ന്ന അഞ്ച് കുടുംബങ്ങളിലെ 26 പേരാണ് പള്ളിമുറിയിലെ ദുരിത്വാശ്വാസക്യാമ്പില്‍ കഴിയുന്നത്. അധികൃതര്‍ അടിയന്തിര റേഷന്‍പോലും എത്തിക്കാത്തതിനാല്‍ ക്യാമ്പിലെ നിവാസികള്‍ കഷ്ടപ്പാടിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത് ആശ്വാസമായി.
യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമാഹരിച്ച വിഭവങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞദിവസം വിതരണം ചെയ്തു. അരി, പച്ചക്കറി, പലവൃജ്ഞനം, തുണി, മരുന്നുകള്‍ തുടങ്ങി ആവശ്യ സാധനങ്ങളാണ് വിതരണം ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥില്‍ നിന്നും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും പഞ്ചായത്ത് അംഗം വിനോദ്കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി. ബിജെപി മണ്ഡലം പ്രസിഡന്റ് രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി ജിതിന്‍ദേവ്, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് അനികുറുപ്പ്, മഹേഷ്, അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















