നീലേശ്വരം: ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രി എന്നറിയപ്പെടുന്ന നീലേശ്വരം വള്ളിക്കുന്നിലെ ഗവ.താലൂക്ക് ആശുപത്രി പരാധീനതയില്‍ വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തിയതല്ലാതെ സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ 5 വര്‍ഷക്കാലം യുഡിഎഫ് അധികാരത്തില്‍ ഉണ്ടായിട്ടും ഈ ആശുപത്രിയെ അവഗണിക്കുകയാണ് ചെയ്തത്.
നഗരത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ കിഴക്കായിട്ടുള്ള ഈ ആസുപത്രി പ്രദേശവാസികള്‍ക്ക് പുറമേ മലയോര മേഖലയിലുള്ളവരുടെ കൂടി ഏക ആശ്രയ കേന്ദ്രവുമാണ്. സാധാരണ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട അത്യാഹിത വിഭാഗം ഡോക്ടര്‍മാരുടെ അഭാവത്താല്‍ വൈകുന്നേരം 7മണിക്ക് നിര്‍ത്തി വെക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അപകടങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രത്രിയെയോ, സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്.
അത്യാഹിത വിഭാഗത്തില്‍ 4 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 2പേര് മാത്രമാണുള്ളത്. താത്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. 5 അസിസ്റ്റന്റ് സര്ജന്മാരില് 2 ഒഴിവുകള്‍ നികത്തിയിട്ടില്ല. അത്യാവശ്യമായി വേണ്ട ജനറല്‍ വിഭാഗത്തില്‍ ഡോക്ടറുടെ നിയമനം നടത്തിയിട്ടില്ല. അതുപോലെ എല്ലുരോഗം, ത്വക്ക് രോഗ വിഭാഗം, ഇഎന്‍ടി എന്നിവയില്‍ തസ്തികകള്‍ പോലും സൃഷ്ടിച്ചിട്ടില്ല. സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും, കുട്ടികള്‍ക്കും കിടത്തി ചികിത്സക്ക് വേണ്ടി 48 കിടക്കകളാണുള്ളത്. അതില്‍ 25 എണ്ണം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
പ്രസവ വാര്‍ഡിലെ ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ചതിനാല്‍ പരിശോധന മാത്രമാണ് നടക്കുന്നത്. സൂപ്രണ്ട് ഉള്‍പ്പെടെ 25 സ്റ്റാഫ് നഴ്സിനെ ആവശ്യമുള്ളിടതത് 9 പേരെക്കൊണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്. ഓഫീസ് സ്റ്റാഫിന്റെ എണ്ണത്തില്‍ 6 പേര് വേണ്ടിടത്ത് 2പേര് മാത്രമാണുള്ളത്. പ്രഭാകരന് കമ്മീഷനില്‍ നബാര്‍ഡ് പദ്ധതിയില്‍ 100 കിടക്കകളുള്ള വാര്‍ഡ് നിര്‍മ്മാണത്തിന് 2കോടിയുടെ പ്രപ്പോസല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.
കഴിഞ്ഞ തവണ എംഎല്‍എ ഫണ്ടില്‍ നിന്നും അത്യാഹിത വിഭാഗത്തിന്റെ പ്രത്യേക കെട്ടിട നിര്‍മ്മാണത്തിന് 30 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല.
പ്രതിദിനം 300 മുതല്‍ 500 വരെ രോഗികള്‍ പരിശോധനക്കായി ആശുപത്രിയിലെത്തുന്നുണ്ട്. മഴക്കാലമായതോടെ കൂടാനാണ് സാധ്യത. താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തത് ജനങ്ങളോട് ഇടത് വലത് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനമാണെന്നതിന്റെ ഉദാഹരണമാണ്.
അതേസമയം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയെ സഹായക്കുന്നതിനു വേണ്ടി പ്രാദേശിക ജന പ്രതിനിധികള്‍ തന്നെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിക്കുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: