കല്‍പ്പറ്റ : കാലവര്‍ഷമെത്തിയതോടെ മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയായതതിനാല് ക്ഷീരകര്‍ഷകരും മൃഗപരിപാലകരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളിലെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കും. വര്‍ധിച്ച കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പവും രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമാവും.
കുരലടപ്പന്, കരിങ്കാല് രോഗം, ബ്ലാക്ക് ക്വാര്‍ട്ടര്‍ (ബി.ക്യു), ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, മുടന്തന്‍ പനി, പരാദ രോഗങ്ങള്‍, കുളമ്പ് ചീയല്‍ എന്നീ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെയേറെയാണ്. മഴക്കാലത്ത് സാധ്യതയുള്ള ഏറ്റവും പ്രധാന രോഗം എലിപ്പനിയാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രം കലര്‍ന്ന ജലാശയവുമായി സമ്പര്‍ക്കം വരുമ്പോള്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും അത് രോഗകാരണമായി തീരുകയും ചെയ്യുന്നു.
മൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ ജോലി ഏര്‍പ്പെടുമ്പോള്‍ കാലുകള്‍ മൊത്തം മറയ്ക്കുന്ന വിധത്തിലുള്ള ഗംബൂട്ടുകള്‍ ധരിക്കുന്നതാണ് അഭികാമ്യം. മഴക്കാല രോഗങ്ങളില്‍ ഏറെയും അതീവ ഗുരുതരവും തീവ്രതയേറിയതുമാണ്. മൃഗങ്ങളില്‍ രോഗലക്ഷണം കാണുന്ന പക്ഷം അടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
പരിസര ശുചീകരണമാണ് മഴക്കാലരോഗ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ഫാമിന്റെ പരിസരം വൃത്തിയാക്കി കുമ്മായം വിതറുന്നതും ഫാമിന്റെ ഉള്‍വശം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുന്നതും രോഗാണുക്കളുടെ വര്‍ധനവ് തടയാന്‍ സഹായിക്കും. ഫാമില്‍നിന്നുള്ള മാലിന്യങ്ങള്‍ അടുത്ത ശുദ്ധജലാശയങ്ങളെ മലിനപ്പെടുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ചുറ്റുപാടും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാധ്യത ഒഴിവാക്കുന്നത് ഡെങ്കിപ്പനി പോലുള്ള അതീവ ഗുരുതരമായ അസുഖങ്ങളുടെ വ്യാപനം തടയാന്‍ സഹായിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: