മാനന്തവാടി : മാനന്തവാടി : ഗോത്രസാരഥി പദ്ധതിയില്‍ ജില്ലയില്‍ വാഹന ഉടമകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് ഒന്നരകോടിയിലധികം രൂപ. വാടക കുടിശ്ശികയായതോടെ വനവാസി വിദ്യാര്‍ത്ഥികളുടെ യാത്രയും ദുരിതത്തില്‍. പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഗോത്രസാരഥി പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം വാഹനം ഓടിയ വകയില്‍ ഉടമകള്‍ക്ക് നല്‍കാനുള്ളത് ഒരു കോടി 59 ലക്ഷം രൂപ വാടകകുടിശികയായതോടെ ഈ അദ്ധ്യായന വര്‍ഷം പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2016 -17 വര്‍ഷം പല സ്ക്കൂളുകളിലും ഗോത്രസാരഥി പദ്ധതിവഴി വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലെത്തുന്നില്ല. ഭീമമായ വാടകയാണ് ഓരോ വാഹന ഉടമകള്‍ക്കും ലഭിക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം വാഹനഉടമകള്‍ ഇത്തവണ പദ്ധതിയില്‍നിന്നും പിന്മാറുകയാണ്.
വയനാട് ജില്ലയില്‍ 140സ്കൂളുകളിലാണ് ഗോത്രസാരഥി പദ്ധതി നടപ്പാക്കിവരുന്നത്. പിടിഎ ആണ് അതാത് സ്കുളുകളില് വാഹനം ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. മാനന്തവാടി താലൂക്കില്‍ 48സ്കൂളുകളിലായി 70 ലക്ഷം രൂപയും ബത്തേരി താലൂക്കില്‍ 50സ്കൂളുകളിലായി 40ലക്ഷവും വൈത്തിരി താലൂക്കില്‍ 42സ്കൂളുകളിലായി 49ലക്ഷം രൂപയുമാണ് വാഹന ഉടമകള്‍ക്ക് നല്‍കാനുള്ളത്.
കഴിഞ്ഞതവണ അണ്‍എയ്ഡഡ് സ്കൂള്‍ ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് സ്കൂളുകളുടെ എണ്ണത്തിലെ വര്‍ദ്ധനവിനും അതുവഴി വാടകകുടിശ്ശിക വര്‍ദ്ധിക്കാനും ഇടയാക്കി. ഇക്കാരണങ്ങളാല്‍ വ്യക്തമായ മാനദണ്ഡത്തിനായി കാത്തിരിക്കുകയാണ് പട്ടികവര്‍ഗ്ഗവകുപ്പ് ഉദ്യോഗസ്ഥര്‍. ഇത്തവണ കാട്ടുനായ്ക്ക വിഭാഗങ്ങള്‍, വനത്തോട്ചേര്ന്ന കോളനികള്‍, പൊതുവെ വാഹന സൗകര്യമില്ലാത്ത സ്കൂളുകള്‍, ഗവണ്മെന്റ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പദ്ധതി തുടരാനുള്ള നടപടികളാണ് സംസ്ഥാനതലത്തില്‍ നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: