കണ്ണൂര്‍: കണ്ടല്‍ പാര്‍ക്കിനെതിരെ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ദേശദ്രോഹികള്‍ എന്ന് മന്ത്രി ഇ.പി.ജയരാജന്‍ കണ്ണൂരില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ജില്ലാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ കണ്ടല്‍പാര്‍ക്കിനെതിരെ സമരം നടത്തിയത് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമാണ്. 2008ലെ നീര്‍ത്തട സംരക്ഷണ നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവക്കെതിരായതിനാലും പരിസ്ഥിതി സംരക്ഷണത്തില്‍ പൗരന്റെ കടമ എന്ന ഭരണഘടനയുടെ 56 എ (ജി) പ്രകാരവുമാണ് പരിസ്ഥിതി സമരം നടത്തിയത്. കണ്ടല്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും എന്ന ഇ.പി.ജയരാജന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ പരിസ്ഥിതിദിന പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ്. പുഴയും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്തരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇ.പി.ജയരാജന്‍ ഉത്തരവാദപ്പെട്ട ഒരു മന്ത്രിയാണെന്നതു മറന്നുകൊണ്ടാണ് നിയമവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത്. പുഴ കയ്യേറിയ ചെമ്പല്ലിക്കുന്നില്‍ നടക്കുന്ന ഡിടിപിസിയുടെ പാലം പൊളിച്ചുമാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാസ്‌കരന്‍ വെള്ളൂര്‍, കെ.പി.ചന്ദ്രാംഗദന്‍, രാമചന്ദ്രന്‍ പട്ടാന്നൂര്‍, ദേവദാസ് തളാപ്പ് എന്നിവര്‍ സംസാരിച്ചു.
















