ലോസ് ആഞ്ചലസ്/ ഒര്‍ലാന്‍ഡോ: കോപ്പ അമേരിക്ക ശതാബ്തി ഫുട്‌ബോളില്‍ ചിലിക്കെതിരേ അര്‍ജന്റീനയുടെ മധുരപ്രതികാരം.
2015 കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലിക്കു മുന്നില്‍ കിരീടം നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കിലും ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന 2-1നു ജയമാഘോഷിച്ചു. ഗോള്‍ രഹിതമായി ആദ്യ പകുതിക്കുശേഷം എയ്ഞ്ചല്‍ ഡിമരിയ (51-ാം മിനിറ്റ്), എവര്‍ ബനേഗ (59 മിനിറ്റ്) എന്നിവരാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജോസ് ഫ്യൂന്‍സലിഡ ചിലിക്കായി ആശ്വാസ ഗോള്‍ നേടി.
പരിക്കേറ്റ ലയണല്‍ മെസിയെ സൈഡ്ബഞ്ചില്‍ ഇരുത്തിയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മെസിക്കു പകരം നിക്കോ ഗെയ്റ്റന്‍ അര്‍ജന്റൈന്‍ നിരയില്‍ ഇറങ്ങി.
മെസിയുടെ അഭാവം നിഴലിക്കാത്ത തീരിയിലാണ് അര്‍ജന്റീന മത്സരം ആരംഭിച്ചത്. പന്തടക്കത്തില്‍ ചിലിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തില്‍ അര്‍ജന്റീന മികച്ച നിന്നു. ആക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി അവസാനിച്ചു.
എട്ടാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡിമരിയയും 23-ാം മിനിറ്റില്‍ മാര്‍ക്കോസ് റോഹോയും ഗോളിലേക്ക് പന്ത് തൊടുത്തെങ്കിലും ലക്ഷ്യം അകന്നുനിന്നു. 30-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിന്റെ ഗോള്‍ ഷോട്ട് ബോക്‌സിനുള്ളില്‍ തടയപ്പെട്ടു. തൊട്ടടുത്ത മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വിനു ലഭിച്ച അവസരവും ഗോളായി മാറിയില്ല.
രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമണത്തിന്റെ ഗിയര്‍ മാറ്റി. ഡിമരിയയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ചിലി പ്രതിരോധത്തില്‍ ആശങ്ക വിതച്ച് മുന്നേറി. സാഞ്ചസിലൂടെ ചിലിയും തിരിച്ചടിച്ചു.
51-ാം മിനിറ്റില്‍ ഡിമരിയ ചിലിയുടെ നെഞ്ച് പിളര്‍ന്ന് ആദ്യ ഗോള്‍ സ്വന്തമാക്കി. എവര്‍ ബനേഗ ചിലി താരത്തിന്റെ പക്കല്‍നിന്ന് കരസ്ഥമാക്കിയ പന്ത് ഡിമരിയയ്‌ക്കു നീട്ടി നല്‍കി. പന്തുമായി ബോക്‌സിനുള്ളില്‍കടന്ന ഡിമരിയ ഇടതുകാല്‍കൊണ്ട തൊടുത്ത ഷോട്ട് ഗോള്‍വലയുടെ ഇടതു മൂലയില്‍ തുളഞ്ഞിറങ്ങി. 1-0ന് അര്‍ജന്റീന മുന്നില്‍.
59-ാം മിനിറ്റില്‍ ഡിമരിയയുടെ പാസില്‍നിന്ന് ബനേഗ തൊടുത്ത ഇടങ്കാല്‍ഷോട്ടും ചിലി ഗോളി ക്ലൗഡിയൊ ബ്രാവോയെ കീഴടക്കി വലയുടെ ഇടതുമൂലയില്‍. അര്‍ജന്റീന -2 ചിലി-0. ഇഞ്ചുറിടൈമിന്റെ അവസാനം ജോസ് ഫ്യൂന്‍സലിഡയുടെ ഹെഡറിലൂടെ ചിലി ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അടുത്ത മത്സരം പാനമയ്‌ക്കെതിരേയാണ്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിനാണ് മത്സരം. ശനിയാഴ്ച പുലര്‍ച്ചെ 4.30നു നടക്കുന്ന പോരാട്ടത്തില്‍ ചിലി ബൊളീവിയയുമായി കൊമ്പുകോര്‍ക്കും.
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ മറ്റൊരു മത്സരത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ പനാമ ബ്ലാസ് പെരസിന് ബൊളീവിയയ്‌ക്കെതിരെ അട്ടിമറി ജയം. 2-1നാണ് പനാമ ജയം സ്വന്തമാക്കിയത്. ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് പനാമ സ്വന്തമാക്കി.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ പെരസ് ബൊളീവിയന്‍ ഗോള്‍വലയില്‍ ആദ്യ വെടിപൊട്ടിച്ചു. ആല്‍ബര്‍ട്ടോ ക്വിന്റെറോ നല്‍കിയ ക്രോസില്‍നിന്ന് പെരസ് തൊടുത്ത വലങ്കാലന്‍ ഷോട്ട് ഗോള്‍ വലയുടെ ഇടതു മൂലയില്‍ വിശ്രമിച്ചു. 1-0നു പാനമ മുന്നില്‍. 54-ാം മിനിറ്റില്‍ ബൊളീവിയ ഒപ്പമെത്തി. ഹ്വാന്‍ കാര്‍ലോസ് ആര്‍ക്കിന്റെ ഗോളിലൂടെ 1-1ല്‍ എത്തിയ ബൊളീവിയയെ 87-ാം മിനിറ്റില്‍ പെരസിലൂടെ പനാമ വീണ്ടും പിന്നിലാക്കി. അബ്ഡീല്‍ അരായോയായിരുന്നു ഇത്തവണ പെരസിനു ഗോളിലേക്കുള്ള വഴി തുറന്നത്.
















