കാസര്‍കോട്: ജില്ലയില്‍ റവന്യൂ വകുപ്പിലെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് 30 നകം സമര്‍പ്പിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായവരാണ് കയ്യേറിയതെങ്കില്‍ പകരം ഭൂമി നല്‍കണം. വന്‍കിട ഭൂവുടമകള്‍ കയ്യേറിയാല്‍ വിട്ടു വീഴ്ച ചെയ്യേണ്ടതില്ല. ജില്ലയില്‍ ആകെയുള്ള ഭൂരഹിതരുടെ എണ്ണവും അപേക്ഷ നല്‍കിയിട്ടും ഭൂമി ലഭിച്ചിട്ടില്ലാത്ത ഭൂരഹിതരുടെ കണക്കും എന്ത് കൊണ്ട് ഭൂമി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കൈവശ ഭൂമിക്ക് രേഖ നല്‍കുന്നതിന്റെ തടസ്സമെന്തെന്ന് വ്യക്തമാക്കണം. ഭൂമി സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പ്രത്യേകം പരിശോധിക്കണം. വ്യവസായ സാധ്യതകള്‍ ഉള്‍പ്പെടെ പരിഗണിച്ച് ജില്ലയുടെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഭൂമിയുടെ വിവരങ്ങള്‍ ലഭ്യമാക്കണം. വില്ലേജ് ഓഫീസുകള്‍ മുതലുള്ള റവന്യൂ ഓഫീസുകള്‍ സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രധാന പരിഗണന നല്‍കണം. പ്രകൃതി ക്ഷോഭങ്ങളുണ്ടായാല് റവന്യൂ ഉദ്യോഗസ്ഥര്‍ ഉടന്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കുന്നതിനാവശ്യമായ നടപടിയെടുക്കുമെന്നും ഇവിടെ പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് ധനകാര്യവകുപ്പിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട്ടും കാഞ്ഞങ്ങാടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഇ. ദേവദാസന് മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയില്‍ റവന്യൂ വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. 4 താലൂക്ക് ഓഫീസും ആര്.ഡി.ഒ ഓഫീസും കമ്പ്യൂട്ടര്‍ വത്കരിക്കാന്‍ നടപടിയെടുക്കണം. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണവും ആരംഭിക്കണം. കളക്ടറേറ്റില്‍ പുതിയ കംമ്പ്യൂട്ടറുകളും ജനറേറ്റുകളും ലഭ്യമാക്കണമെന്നും കളക്ടര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് ഭൂമി ലഭ്യമാക്കാന്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ് കളക്ടര്‍ മൃണ്മയി ജോഷി, എ.ഡി.എം വി.പി മുരളീധരന്, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്.പി മഹാദേവകുമാര്‍, ബി. അബ്ദുള്‍ നാസര്‍, കെ. അംബുജാക്ഷന്, സി. ജയന്, ഇ.ജെ ഗ്രേസി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, അസിസ്റ്റന്റ് തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: