പാരീസ്: ഒടുവില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന് കരിയര്‍ സ്ലാം. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയതോടെയാണ് ദ്യോക്കോവിച്ച് കരിയര്‍ സ്ലാം തികച്ചത്. ഫൈനലില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെയെ ദ്യോക്കോവിച്ച് കീഴടക്കി.
ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു ദ്യോക്കോയുടെ കിരീടധാരാണം. തന്റെ നാലാം ഫൈനലിലാണ് ദ്യോക്കോ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കരിയറിലെ 12-ാമത്തെ ഗ്രാന്റസ്ലാം കിരീടമാണ് ദ്യോക്കോയ്‌ക്കിത്. ആറുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണും മൂന്നുതവണ വിംബിള്‍ഡണും രണ്ടുതവണ യുഎസ്ഓപ്പണും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരിയര്‍ ഗ്രാന്‍സ്ലാമിനരികിലെത്തിയ ദ്യോക്കോയെ ചതിച്ചത് ഫ്രഞ്ച് ഓപ്പണായിരുന്നു.
















