ഫ്‌ളോറിഡ: ഗ്രൂപ്പ് എയില്‍ നടന്ന വാശിയേറിയ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. തുല്യശക്തികളുടെ പോരാട്ടമായി മാറിയ കോസ്റ്ററിക്ക-പരാഗ്വെ കളിയാണ് ആരും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയേങ്കിലും അവസരങ്ങള്‍ ഗോളാക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടു.
പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ പരാഗ്വെ താരങ്ങളായിരുന്നു മുന്നില്‍. പരാഗ്വെ എട്ടും കോസ്റ്ററിക്ക ആറ് തവണയും ഷോട്ടുകള്‍ പായിച്ചു. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് കോസ്റ്ററിക്ക. നാല് തവണ. പരാഗ്വെ ഒരിക്കല്‍ മാത്രമാണ് കോസ്റ്ററിക്കന്‍ ഗോളിയെ പരീക്ഷിച്ചത്. പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കി കോസ്റ്ററിക്ക 5-4-1 ശൈലിയില്‍ കളത്തിലെത്തിയപ്പോള്‍ പരാഗ്വെ പരമ്പരാഗത ശൈലിയായ 4-4-2 രീതിയാണ് സ്വീകരിച്ചത്.
ഫൗളുകള്‍ ധാരാളം കണ്ട മത്സരത്തില്‍ പാരഗ്വായ് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയപ്പോള്‍ കോസ്റ്ററിക്ക രണ്ട് മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും വാങ്ങി. 90-ാം മിനിറ്റില്‍ കെന്‍ഡല്‍ വാട്‌സനാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ഗ്രൂപ്പില്‍ അമേരിക്കയെ തോല്‍പ്പിച്ച കൊളംബിയയാണ് മുന്നില്‍. അടുത്ത മത്സരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30ന് കോസ്റ്ററിക്ക യുഎസ്എയുമായി രാവിലെ 8ന് പരാഗ്വെ കൊളംബിയയുമായി കൊമ്പുകോര്‍ക്കും.
















