പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ പുതിയ രാജകുമാരിയുടെ ഉദയം. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസിനെ അട്ടിമറിച്ച് സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസ കിരീടം നേടിയതോടെയാണ് കളിമണ്‍ കോര്‍ട്ടിലെ പുതിയ രാജകുമാരിയായി മാറിയത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സെറീനയോടേറ്റ പരാജയത്തിന് പകരം വീട്ടാനും ഈ കിരീടനേട്ടത്തിലൂടെ മുഗുരുസക്ക് കഴിഞ്ഞു.
തന്റെ കരിയറിലെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണ് മുഗുരസ സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണില്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഗുരസയുടെ ആധികാരിക കിരീട നേട്ടം. സ്‌കോര്‍: 7-5, 6-4. ഇതോടെ 22-ാം ഗ്രാന്റ് സ്ലാം എന്ന സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനക്ക് ഇനിയും കാത്തിരിക്കണം.
നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സ്പാനിഷ് വനിത ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുന്നത്.
1998-ല്‍ ആരാന്ത സാഞ്ചസ് വികാരിയോയാണ് അവസാനമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ സ്പാനിഷ് താരം.
1993-ല്‍ വെനസ്വേലയില്‍ ജനിച്ച മുഗുരുസ മൂന്നാം വയസ്സില്‍തന്നെ ടെന്നീസ് ബാറ്റ് കൈയിലെടുത്തു. പിന്നീട് 1999-ല്‍ സ്‌പെയിനിലേക്ക് താമസം മാറിയെത്തിയ ശേഷമാണ് ടെന്നീസ് ജീവിതത്തോടൊപ്പം ചേര്‍ത്തത്.
കഴിഞ്ഞ ഒക്ടോബറില്‍ സിംഗിള്‍സ് റാങ്കിങില്‍ മൂന്നാമതെത്തിയിരുന്ന മുഗുരുസ നിലവില്‍ നാലാം റാങ്കിലാണ്.
2014-ല്‍ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ വിജയിച്ചതാണ് മുഗുരുസയുടെ ആദ്യ ഡബ്ല്യുടിഎ കിരീടം. കഴിഞ്ഞ വര്‍ഷം ചൈന ഓപ്പണും മുഗുരുസ സ്വന്തമാക്കിയിരുന്നു.
2014-ല്‍ കാര്‍ലോസ് സുവാരസ് നവാരോയോടൊപ്പം ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് സെമിഫൈനല്‍ വരെയും മുഗുരുസയെത്തി. അഞ്ച് ഡബിള്‍സ് കിരീടങ്ങളും മുഗുരസയുടെ അക്കൗണ്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഡബ്ല്യുടിഎ ഡബിള്‍സ് ഫൈനലില്‍ മുഗുരുസ-സുവാരസ് നവാരോ സഖ്യം സാനിയ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോട് പരാജയപ്പെടുകയും ചെയ്തു.
















