ബോക്‌സിങ് = മുഹമ്മദലി; ബോക്‌സിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തലമുറ വ്യത്യാസമില്ലാതെ അംഗീകരിക്കുന്ന ഒരു സമവാക്യമാകുമിത്. ഈ ലോകത്തെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയ കാഷ്യസ് ക്ലേ എന്ന മുഹമ്മദലിയെ ഓര്‍ക്കുമ്പോള്‍ അത് സമകാലീന ബോക്‌സിങ്ങിന്റെ ചരിത്രം കൂടിയാകും. ഇടിക്കൂട്ടിലെ സിംഹം, അങ്ങനെയേ മുഹമ്മദലിയെ വിശേഷിപ്പിക്കാനാകൂ. റിങ്ങിലെത്തിയാല്‍ അലിയുടെ ഒരേയൊരു ലക്ഷ്യം എതിരാളികളെ ഇടിച്ചിടുക മാത്രം.
മൂന്നു തവണ ലോക ഹെവിവെയ്റ്റ്പട്ടവും, ഒരുവട്ടം ഒളിമ്പിക്‌സ് സ്വര്‍ണമെഡലും കഴുത്തിലണിയാന്‍ ഇടിക്കൂട്ടിലെ ഈ സിംഹത്തെ കരുത്തനാക്കിയത് ഈ ലക്ഷ്യബോധം മാത്രം.
യുഎസില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കു നേരിടേണ്ടിവരുന്ന അവഗണനയിലുള്ള അമര്‍ഷവും പഞ്ചുകളിലൂടെ മുഹമ്മദലി തീര്‍ത്തു.
”ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയും കടന്നലിനെപ്പോലെ കുത്തുകയും ചെയ്യുന്ന” ബോക്‌സറെന്ന് ലോകം നല്‍കിയ വിശേഷണം അന്വര്‍ഥമാക്കി ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ച ഈ ഇതിഹാസം. അലിയുടെ പടയോട്ടത്തില്‍ കാലിടറി വീണവരൊന്നും നിസാരന്മാരല്ല. റിങ്ങില്‍ ആവേശം വാനോളമുയര്‍ത്തുന്ന ജോ ഫ്രേസര്‍, ജോര്‍ജ് ഫോര്‍മാന്‍, ലിയോണ്‍ സ്പിങ്ക്‌സ്, റോണ്‍ ലൈലി, ബസ്റ്റര്‍ മാത്തിസ്, ജോര്‍ജ് ചുവലോ, ഫ്‌ളോയിഡ് പാറ്റേഴ്‌സന്‍, ബോബ് ഫോസ്റ്റര്‍, ബഗ്‌നര്‍… അവരില്‍ ചിലര്‍മാത്രം.
റിങ്ങിലെ തന്ത്രങ്ങളിലും എതിരാളികളെ അതിശയിപ്പിച്ചു അലി. എല്ലാവരും കൈകൊണ്ട് മുഖംമറച്ച് നില്‍ക്കുമ്പോള്‍, മുഖംമറയ്‌ക്കാതെ കൈ രണ്ടും താഴേക്കിട്ട് എതിരാളിയുടെ ചുറ്റും താളം ചവിട്ടിനില്‍ക്കുന്ന വിചിത്രമായ ശൈലിയാണ് അലി അവതരിപ്പിച്ചത്. എതിരാളികളുടെ പഞ്ചുകളില്‍ നിന്നു മിന്നല്‍ വേഗത്തില്‍ ഒഴിഞ്ഞുമാറാനും അതിലും വേഗത്തില്‍ പ്രത്യാക്രമണം നടത്താനും തനിക്കാവുമെന്ന ആത്മവിശ്വാസമായിരുന്നു ഇതിന് പിന്നില്‍.
കരിയറിന്റെ അവസാനം വേഗവും കൃത്യതയും കൈമോശം വന്നപ്പോള്‍ പുതിയ തന്ത്രവും അവതരിപ്പിച്ചു അലി. റിങ്ങിലെ കയറിനോട് ചേര്‍ന്നുനിന്ന് എതിരാളിയുടെ പഞ്ചുകള്‍ ഏറ്റുവാങ്ങി ഇദ്ദേഹം. എന്നാല്‍, പഞ്ചുകള്‍ക്കനുസരിച്ച് കയര്‍ അനങ്ങുന്നതിനാല്‍ ഇടിയുടെ ആഘാതം അലിയെ ഏറെ ബാധിച്ചില്ല. ഒടുവില്‍ ഇടിച്ചിടിച്ച് എതിരാളി ക്ഷീണിക്കുമ്പോള്‍ പ്രത്യാക്രമണം നടത്തി വിജയശ്രീലാളിതനായി.
















