പത്തനംതിട്ട: നിര്‍മ്മാണ മേഖലയിലടക്കം വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്കുകളോ വിവരങ്ങളോ ശേഖരിക്കാന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നു. ജോലിതേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നാട്ടുകാരിലും ഭീതിയുളവാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നത്. ഇവര്‍ക്ക് സ്ഥിരമായ താമസ സൗകര്യങ്ങളുമില്ല. കരാറുകാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളില്‍ ഞെഞ്ഞി ഞെരുങ്ങിയാണ് ഇവര്‍ കഴിയുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പോലും സുഗമമായി നിര്‍വ്വഹിക്കാന്‍ ഇടയില്ലാത്ത വിധമുള്ള ഇവരുടെ ജീവിതം പലയിടത്തും യാതനാപൂര്‍ണ്ണമാണ്. അതേ സമയം കൊടുംകുറ്റവാളികളടക്കമുള്ള ക്രിമിനലുകളും ഒളിത്താവളങ്ങളായി ഈ മേഖലകളെ ഉപയോഗിക്കുന്നുണ്ട്. ഇവരാണ് മോഷണവും കൊലപാതകവും പീഡനവുമടക്കമുള്ള ക്രൂരകൃത്യങ്ങള്‍ നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവരെ ജോലിക്ക് കൊണ്ടുവരുന്ന കരാറുകാരനും ഇവരുടെ ജീവിത പശ്ചാത്തലത്തെപ്പറ്റി വ്യക്തമായ ധാരണകളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി ഇവിടെ എത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിനെ അറിയിക്കണെമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും മിക്ക കരാറുകാരും ഇത് പാലിക്കുന്നില്ലെന്ന് പോലീസുംപറയുന്നു. ഓരോ ദിവസവും തൊഴിലാളികളുടെ പണിസ്ഥലം മാറുന്നതിനാല്‍ ഇവരുടെ വ്യക്തമായ കണക്കെടുപ്പ് സാധിക്കുന്നില്ലെന്നും പോലീസ് പറയുന്നു.
ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല ഹോട്ടലുകളിലും മറ്റ് വ്യാപാര ശാലകളിലുമൊക്കെ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളില്‍ അധികവും. ബംഗാളില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോഴും ഇവരില്‍ ഭൂരിപക്ഷം പേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇതു സംബന്ധിച്ച് പോലീസിനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവരും ഭാരതത്തിലെ തിരിച്ചറിയല്‍ കാര്‍ഡുകളും സൂക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കേറുന്നവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ച് ആസൂത്രിതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ എന്ന ആശങ്കയും പോലീസ് പങ്കുവെയ്ക്കുന്നു. ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നെത്തുന്നവര്‍ ക്രൂരന്മാരും എന്ത് ഹീന കൃത്യം ചെയ്യുന്നതിലും യാതൊരു മടിയും ഇല്ലാത്തവരാണെന്നും സ്ത്രീകളം ഏറ്റവും ക്രൂരമായി ഉപദ്രവിക്കുന്നവരാണെന്നുമാണ് പറയപ്പെടുന്നത്. ഗള്‍ഫ് നാടുകളില്‍ പോലും ഇത്തരക്കാരുടെ അക്രമം വര്‍ദ്ധിക്കുന്നതായി ഇവിടെ നിന്നും മലയാളികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ച് അവരില്‍ നിന്നും വാടക ഈടാക്കുന്നവരും ജില്ലയിലെ മിക്ക ടൗണുകളിലുമുണ്ട്. കൂട്ടമായി താമസിക്കുന്ന ഇവര്‍ നാട്ടില്‍ പലയിടത്തും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതായും പരാതികള്‍ ഉയരുന്നു. കോന്നിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്ക്കയായ വീട്ടമ്മയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവമാണ് ഏറ്റവും ഒടുവില്‍ ഇത്തരക്കാരുടെ ക്രൂരകൃത്യമായി വെളിച്ചത്തുവന്നത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണത്രേ. ഇവിടെ വന്ന്പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി വ്യക്തമായ ധാരണയോ കണക്കുകളോ പോലീസിന് ഇല്ലാത്തതും ജനങ്ങള്‍ക്കിടയില്‍ ആശങ്കപരത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: