രാവണന്‍ അന്തിമപോരാട്ടത്തിന് തയ്യാറെടുത്തു. ഇനി നഷ്ടപ്പെടാന്‍ സ്വന്തം ശരീരം മാത്രമേയുള്ളൂ. ലങ്കയിലെ ബാക്കി സൈന്യവും പത്തുപടനായകന്മാരും തയ്യാറാകാന്‍ കല്പന കൊടുത്തു. ചതുരംഗസേന സജ്ജമായി രാവണനെ തൊഴുതുകൊണ്ട് യാത്രയായി. സമുദ്രംപോലെ രാക്ഷസസേന ഇരച്ചുവരുന്നതുകണ്ട് രാമന്‍ വാനരസേനയോടു പറഞ്ഞു. ”നിങ്ങളാരും ഇവരോട് ഏറ്റുമുട്ടണ്ട.
ഞാന്‍ ഒറ്റക്ക് നേരിട്ടുകൊള്ളാം. ഇവരെ ഒടുക്കുന്നത് കണ്ടുനിന്ന് ആനന്ദച്ചോളൂ. ”രാമന്‍ വില്ലുകുലച്ചുകൊണ്ട് രാക്ഷസന്മാരുടെയിടയിലേക്കു ചാടി തുരുതുരെ അസ്ത്രപ്രയോഗമാരംഭിച്ചു. അഗ്നിയില്‍ വീണ ശലഭങ്ങളെപ്പോലെ രാക്ഷസവീരന്മാര്‍ ചത്തൊടുങ്ങി. എത്ര രാക്ഷസന്മാരുണ്ടോ അത്രയും രാമന്മാരുള്ളതുപോലെ അനുഭവപ്പെട്ടു. ഓരോ രാക്ഷസനും യുദ്ധം ചെയ്യുന്നതെന്നു തോന്നി. യുദ്ധക്കളത്തില്‍ ആനയും കുതിരയും തേരുമൊക്കെ പൊടിഞ്ഞുതകര്‍ന്നു. രാക്ഷസവീരന്മാരുടെ ശവങ്ങള്‍ കുന്നുകൂടി.
കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു. കുറുക്കന്മാര്‍ പട്ടാപ്പകല്‍ ശവങ്ങള്‍ കടിച്ചുകീറുന്നു. പന്ത്രണ്ടു നാഴികകൊണ്ട് ചതുരംഗപ്പട പൂര്‍ണമായി ഒടുങ്ങി. ദേവഗന്ധര്‍വ നാരദാദികള്‍ രാമനെ സ്തുതിച്ചുതുടങ്ങി. കിന്നരന്മാര്‍ പാട്ടുപാടി. മേഘാവരണത്തിനിടയില്‍ പ്രത്യക്ഷനായ സൂര്യനെപ്പോലെ ചത്തുവീണ രാക്ഷസന്മാരുടെ ശവങ്ങള്‍ക്കുനടുവില്‍ വില്ലുമേന്തിനില്‍ക്കുന്ന രാമനെ വിഭീഷണനും, രാമേശ്വരനും മാത്രമേ ഇങ്ങനെ യുദ്ധം ചെയ്യാന്‍ കഴിയൂ എന്ന് സര്‍വരും പുകഴ്‌ത്തി.
(തുടരും)
















