കൊല്ലം: പ്രവേശനദിവസം സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണ് മറിഞ്ഞുവീണ് മരിച്ച മുഖത്തല ഗ്രാമോദരണ ട്രസ്റ്റ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി നിഷാന്തി(13)ന് കണ്ണീരോടെ നാട് വിട നല്‍കി. മുഖത്തല പാങ്കോണം ദോയല്‍ ഭവനത്തിലെ വീട്ടില്‍ ഇന്നലെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചത്.
ഗള്‍ഫിലായിരുന്ന അച്ഛന്‍ രവീന്ദ്രന്‍ ഒന്നിന് രാത്രി തന്നെ നാട്ടിലെത്തിയിരുന്നു. ജില്ലാ കളക്ടര്‍ എ.ഷൈനാമോളും സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സാമൂഹ്യരാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ നിഷാന്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. സ്‌കൂളിലെ ആദ്യദിവസം ക്ലാസില്‍ നിന്നും സമീപമുള്ള പൈപ്പില്‍ കൈകഴുകാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സമീപത്തെ കെട്ടിടത്തിന്റെ ഓടിട്ട കെട്ടിടത്തിന്റെ തൂണുകളിലൊന്ന് മറിഞ്ഞ് നിഷാന്തിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തൂണിന്റെ അടിയില്‍പ്പെട്ട നിഷാന്തിനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
















