കാസര്‍കോട്: ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം ജില്ലയില്‍ വര്‍ണ്ണാഭമായി. കളിമുറ്റത്തു നിന്നും അക്ഷര ലോകത്തിന്റെ തിരുമുറ്റത്തേക്കെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ വിവിധ സ്കൂളുകളില്‍ ഇന്നലെ നടന്ന പ്രവേശനോത്സവം നിറപകിട്ടേകി. വര്‍ണക്കുടകളും ബാഗുകളും സമ്മാനമായി നല്‍കിയാണ് നവാഗതരെ സ്കൂളിലേക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എതിരേറ്റത്. ആരതിയുഴിഞ്ഞും, തിലകം ചാര്‍ത്തിയും, മധുരപലഹാരങ്ങള്‍ നല്‍കിയും കുരുന്നുകളെ സ്വീകരിച്ചാനയിച്ചു. പല സ്കൂളുകളിലും ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോത്സവം നടത്തിയത്. കളിചിരിയുടെ ലോകത്ത് നിന്നും അച്ചനും അമ്മയ്ക്കുമൊപ്പം അക്ഷര മധുരം നുകരാനെത്തിയ കുട്ടികളുടെ കണ്ണുകള്‍ സ്കൂള്‍ ചുമരുകളില്‍ വരച്ചിരിക്കുന്ന ജിറാഫിന്റെയും ആനയുടെയും, കുതിരയുടെയും, മാനിന്റെയും പക്ഷികളുടേയും പൂമ്പാറ്റകളുടെയും ചിത്രങ്ങളില്‍ ഉടക്കി നിന്നു. കരഞ്ഞ് കൊണ്ടെത്തിയ കൊച്ചു കുട്ടികള്‍ സ്കൂളുകളിലെ മനോഹരമായ കാഴ്ചകളില്‍ അലിഞ്ഞ് ചേര്‍ന്നു. നവാഗതര്‍ക്ക് വര്‍ണക്കുടകളും പഠനോപകരണങ്ങളും സമ്മാനമായി നല്‍കിയാണ് പല സ്കൂളുകളും കുട്ടികളെ വരവേറ്റത്. ജില്ലയിലെ അങ്കണ്‍വാടി, സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവേശനോത്സവഗാനം ആലപിച്ചാണ് നവാഗതരെ മറ്റു വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. കരച്ചിലും പിണക്കങ്ങളുമായി കൊച്ചു കുട്ടികള്‍ സ്കൂളുകള്‍ സജ്ജമാക്കിയ ഉത്സവാന്തരീക്ഷത്തില്‍ ആദ്യ ദിനം കടന്ന് പോയി.
കാഞ്ഞങ്ങാട്: വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ രാവിലെ 9.30ന് അഗ്നിഹോത്രിയോടെ പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ആരതിയുഴിഞ്ഞ് മധുരവും, കുടയും പഠനോപകരണങ്ങളും നല്‍കിയാണ് ക്ലാസിലേക്ക് വരവേറ്റത്. തുടര്‍ന്ന് നടന്ന യോഗം ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി പി.ഗണേശന് ദീപപ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് കെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഗണേശന് മുഖ്യപ്രഭാഷണം നടത്തി. വിദ്യാനികേതന്‍ ക്ഷേത്രീയ കായിക പ്രമുഖ് കെ.ഹരിഹരന്, വിദ്യാലയ പ്രധാനാധ്യാപിക എം.ശശികല സംസാരിച്ചു. സീനിയര്‍ അസി.മമത നാരായണന് സ്വാഗതം പറഞ്ഞു.
കാസര്‍കോട്: വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയും, പഠനോപകരണങ്ങളുടെ കിറ്റ് നല്‍കിയും അടുക്കത്ത്ബയല്‍ ഗവ.യുപി സ്കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവം കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ പി.രമേശ് ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് എല്‍.എ.മഹമൂദ് മുഖ്യാതിഥിയായി. ഹനീഫ, വേണുഗോപാല്‍, എസ്.ഗൗരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
നീലേശ്വരം: പേരോല്‍ ഗവ.എല്‍പി സ്കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. എം.രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സി.സി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. എം.പ്രഭാകരന്, ഇര്‍ഫാന, പ്രമീള, കെ.മാധവന് നായര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
പുല്ലൂര്‍: ബേക്കല്‍ ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവം പുല്ലൂര്‍ ഗവ.യുപി സ്കൂളില്‍ കെ.കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്.നായര്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ എഇഒ രവിവര്‍മ്മന്‍ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് വി.രാമകൃഷ്ണന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കോട്ടിക്കുളം: കോട്ടിക്കുളം ഗവ.യുപി സ്കൂളിലെ പ്രവേശനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഉദുമ പഞ്ചായത്തംഗം കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍ പ്രവേശനോത്സവം പള്ളിക്കര പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ മുതിര്‍ന്ന കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് കുട്ടികളെ വരവേറ്റു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ സ്കൂള്‍ പത്രം കെ.കുഞ്ഞിരാമന് എംഎല്‍എ പ്രകാശനം ചെയ്തു.
കോട്ടപ്പാറ: വാഴക്കോട് ഗവ.ജിഎല്‍പി സ്കൂള്‍ പ്രവേശനോത്സവം എ.വേലായുധന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജി ബാബു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.മനോജ്കുമാര്‍, പി.വി.കുഞ്ഞിക്കണ്ണന്, സനല്‍കുമാര്‍, വിജയന് പാലത്തിങ്കാല്‍, സന്തോഷ് വെളളുട, ജനാര്ദ്ദനന്, സന്തോഷ് കക്കട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് രവീന്ദ്രന് സ്വാഗതവും സി.കുമാരന് നന്ദിയും പറഞ്ഞു. ഈ വര്‍ഷം എല്‍കെജി ഡിവിഷനും കൂടി ആരംഭിച്ചു. രാവിലെ നവാഗതരെയും കൊണ്ട് ഘോഷയാത്ര നടത്തി. കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ്, ബാഗ്, കുട എന്നിവ വിതരണം ചെയ്തു. കോട്ടപ്പാറയിലെ ബിഎംഎസ് ഓട്ടോതൊഴിലാളികള്‍ മധുരപലഹാരം വിതരണം ചെയ്തു. പായസവിതരണവും നടന്നു.
കോളിയടുക്കം: ഗവ.യു പി സ്കൂളില്‍ വര്‍ണ്ണ ബലൂണുകളും തൊപ്പിയും പായസവുമായി നവാഗതരെ മറ്റു കുട്ടികള്‍ വരവേറ്റു. ചെണ്ടമേളത്തോടെ ഘോഷയാത്രയായാണ് നാട്ടുകാര്‍ പുതിയ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിലേക്ക് ആനയിച്ചത്. പ്രവേശനോത്സവം വാര്‍ഡംഗം വി.ഗീത ഉത്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളും സ്ഥാപനങ്ങളും സ്പോണ് സര് ചെയ്ത പഠനോപകരണങ്ങള്‍ വാര്‍ഡംഗം എന്‍.വി.ബാലന് വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ്പി.വിജയന് അധ്യക്ഷത വഹിച്ചു. എം.ചന്ദ്രന് നായര്‍, കെ.വനജകുമാരി. പുഷ്പലത എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് എ.പവിത്രന് സ്വാഗതവും പി.മധു നന്ദിയും പറഞ്ഞു. ഇക്കുറി റിക്കാര്‍ഡ് അഡ്മിഷനാണ് സ്കൂളില്‍ ഉണ്ടായിട്ടുള്ളത്. ഒന്നാം ക്ലാസ്സിലേക്കുള്ള 75 കുട്ടികള്‍ ഉള്‍പ്പെടെ 110 പേരാണ് പ്രവേശനം നേടിയത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്.
അരയി: ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നഗരസഭ തീരുമാനിച്ച കാഞ്ഞങ്ങാട് അരയി ഗവ.യു.പി.സ്കൂളില്‍ ഒന്നാംതരത്തില്‍ കുട്ടികളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. വിവിധ ക്ലാസുകളിലായി എണ്‍പതോളം കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. പ്രവേശനോത്സവം നഗരസഭാ കൗണ്‍സിലര്‍ സി.കെ.വത്സലന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടന്‍ കലാകാരന് എം.വി. കുഞ്ഞികൃഷ്ണന് മടിക്കൈയുടെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ടുകളും കടലാസ് കൊണ്ടുള്ള കൗതുക വസ്തു നിര്‍മാണവും പ്രവേശനോത്സവത്തിന് പകിട്ടേകി. കെ.വി. സൈജുവിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഉത്സവഗാനസദസ്സും ഉത്സവസദ്യയും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് പി.രാജന്, കെ.അമ്പാടി, എസ്.സി.റഹ്മത്ത്, ശോഭന കൊഴുമ്മല്‍ പ്രധാനാധ്യാപകന് കൊടക്കാട് നാരായണന് സംസാരിച്ചു. കുട്ടികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു.
കയ്യൂര്‍: കയ്യൂര്‍ ഗവ.എല്‍പി സ്കൂളിലെ 89 കുഞ്ഞുങ്ങള്‍ 89 മണ്ചെരാതുകളില് അക്ഷരദീപം തെളിയിച്ചുകൊണ്ട് പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു പ്രകാശമാനമായ തുടക്കം. പഞ്ചായത്ത് അംഗം പി.പി.മോഹനന് ആദ്യദീപം തെളിയിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.രാജന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് ചിത്രലേഖ, സ്റ്റാഫ് സെക്രട്ടറി കെ.വി.ഭാസ്കരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് കെ.നാരായണന് സ്വാഗതവും, രതി ടീച്ചര്‍ നന്ദിയും പറഞ്ഞു. ഒന്നാംക്ലാസ്സിലേക്ക് പുതുതായി എത്തിയ 25 കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് ക്ലാസ് അധ്യാപിക ഉഷാകുമാരി ടീച്ചര്‍ ഓരോരുത്തരെയും സ്വീകരിച്ചു. നവാഗതര്‍ക്ക് പുസ്തകവും, ബാഗും, കുടയും, സ്ലേറ്റും, ക്രയോണ്‍സും അടങ്ങിയ സമ്മാനക്കിറ്റ് നല്കി. പ്രവേശനോത്സവ വിളംബരജാഥ, മധുരപലഹാര വിതരണം, പാല്‍പ്പായസമടക്കമുള്ള ഉച്ചഭക്ഷണം എന്നിവ പരിപാടിക്ക് കൊഴുപ്പേകി.
കുട്ടമത്ത്: അ എന്ന അക്ഷരം അറിവിന്റെ ആദ്യാക്ഷരവും അമ്മ സ്നേഹവും അച്ഛന് തണലും അധ്യാപകന് അറിവുമാകുമെന്ന കുട്ടികള്‍ ആലപിച്ച സ്വാഗത ഗാനത്തോടെ കുട്ടമത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവേശനോത്സവം ആരംഭിച്ചു. അ-അമ്മ അറിവ് എന്നിങ്ങനെ കറുത്ത ബോര്‍ഡില്‍ എഴുതിയാണ് പി.കരുണാകരന് എം.പി കുട്ടമത്ത് സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നടത്തുന്ന ഭാവനപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ അഭിനന്ദാനാര്‍ഹമാണെന്ന് പി. കരുണാകാരന് എം.പി പറഞ്ഞു. എന്‍.എസ്.എസിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ചെറുവത്തൂര്‍ പഞ്ചായത്ത് പരിസരത്ത് നിന്ന് ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവവും അതിന് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ദൃശ്യാവിഷ്കാരവും നവാഗതരെ ഏറെ ആകര്‍ഷിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മനസ്സില്‍ വിരിഞ്ഞ വരികളില്‍ നിറഞ്ഞത് ക്യാന്‍വാസില്‍ തെളിയുന്ന സര്‍ഗ്ഗവിസ്മയം എന്ന പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് വിജയികള്‍ക്കുള്ള ഉപഹാരം പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും എം.എല്‍.എ നിര്‍വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, എസ്.എസ്.എ പ്രൊജക്ട് ഓഫീസര്‍ ഡോ: എം. ബാലന്, കാഞ്ഞങ്ങാട് ഡി.ഇ. ഒ മഹാലിംഗേശ്വര രാജ,് ചെറുവത്തൂര്‍ എ.ഇ.ഒ എം. സദാനന്ദന്, ബി.പി.ഒ മഹേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി.എം ശ്യാമള, കുട്ടമത്ത് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സൂര്യനാരായണ കുഞ്ചുരായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍.ചാര്‍ജ്ജ് പി.കെ രഘുനാഥ് സ്വാഗതവും കുട്ടമത്ത് ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര് പി.വി ദേവരാജന്‍ നന്ദിയും പറഞ്ഞു.
പ്രധാനാധ്യാപകരുടെ തസ്തികള്‍ ഒഴിഞ്ഞ് കിടക്കുന്ന ചില വിദ്യാലയങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക് അല്പം മങ്ങലേല്‍പ്പിച്ചു. ഒഴിവുകള്‍ നികത്താതെ കിടക്കുന്നതിനാല്‍ വിദ്യാലയങ്ങളുടെ വരും ദിവസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമോയെന്ന ഭീതിയിലാണ് അധ്യാപകരും രക്ഷിതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: