അദ്ധ്യാത്മ രാമായണം മൂലത്തില്‍ രാവണന്‍ തന്റെ പ്രവൃത്തികളുടെയെല്ലാം ഉദ്ദേശ്യമെന്തായിരുന്നു എന്ന് മണ്ഡോദരിയോട് വ്യക്തമാക്കുന്നുണ്ട്. കിളിപ്പാട്ടില്‍ അതു വളരെ ചുരുക്കിപ്പറഞ്ഞു. രാവണന്റെ മനസ്സറിയാന്‍ മൂലഗ്രന്ഥത്തിലേക്കുപോകാം. രാവണന്‍ മണ്ഡോദരിയോട് പറയുന്നു: ”ഭദ്രേ, യുദ്ധത്തില്‍ രഘുനാഥന്‍ നമ്മുടെ പുത്രന്‍ സോദരന്‍, രാക്ഷസസമൂഹം ഇവരെയെല്ലാം നശിപ്പിച്ചു.
ഇനി വനവാസത്തിനു പോയിട്ടെന്തു ഫലം? ഞാന്‍ മാത്രമായി ജീവിച്ചിരുന്നിട്ടെന്തു ഫലം? അതിനാല്‍ ഞാന്‍ ഇപ്പോള്‍ രാമനുമായി യുദ്ധം ചെയ്യും. അദ്ദേഹത്തിന്റെ നിശിതമായ ബാണങ്ങളാല്‍ മരണപ്പെട്ട് വിഷ്ണുഭഗവാന്റെ പരമധാമത്തിലേക്കു പോകും. രാമന്‍ സാക്ഷാല്‍ നാരായണനാണെന്നും സീതലക്ഷ്മീഭഗവതിയാണെന്നും ഞാനറിയുന്നു.
രാമന്റെ കൈ കൊണ്ടു മരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് സീതയെ ഞാന്‍ അപഹരിച്ചുകൊണ്ടുവന്നത്. അതിനാല്‍ ഞാനിപ്പോള്‍ ബാക്കി രാക്ഷസവീരരെയും കൊണ്ട് സംസാരത്തില്‍ നിന്നും മോചനം പ്രാപിക്കുകയാണ്. മുമുക്ഷുക്കളായിട്ടുള്ളവര്‍ യാതൊരു പരമാനന്ദമയിയായ വിശുദ്ധഗതി പ്രാപിക്കുന്നുവോ, അത് ഞാനും പ്രാപിക്കാന്‍ പോകുന്നു. എന്റെ സമസ്ത പാപങ്ങളെയും കഴുകിക്കളഞ്ഞ് ദുര്‍ലഭമായ മോക്ഷപദം ഞാന്‍ നേടാന്‍ പോകുന്നു.
ക്ലേശാദി പഞ്ചകതരംഗയുതം ഭ്രമാഢ്യം
ദാരാത്മജാപ്തധനബന്ധുഝഷാഭിയുക്തം
ഔര്‍വാനലാഭനിജരോഷമനംഗജാലം
സംസാരസാഗരമതിത്യ ഹരിം വ്രജാമി
(സംസാരമാകുന്ന സമുദ്രത്തിലെ പഞ്ച തരംഗങ്ങളാണ് അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നീ ക്ലേശങ്ങള്‍. ഭ്രമം അതിലെ ചുഴിയാണ്. ഭാര്യ, പുത്രന്‍, സ്വജനം, വിഭവം, ബന്ധു ആദിയായവര്‍ മത്സ്യങ്ങളാണ്. ബഡവാഗ്നിയാണ് കോപം. കാമ മാകുന്ന ജലം അതില്‍ പരന്നുകിടക്കുന്നു. ആ സംസാരസാഗരം മറികടന്ന് ഞാന്‍ ശ്രീഹരിയുടെ അടുത്തെത്തും)
(തുടരും)
















