അഡൂര്‍: മഴക്കാല രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടു കൂടി ദേലംപാടി പഞ്ചായത്തിലുള്ളവര്‍ ഭീതിയിലാണ്. ചികിത്സ തേടി പോവാന്‍ ഒരു ആശുപത്രി ഇല്ലാത്തതാണ് ഇന്നാട്ടുകാരെ അലട്ടുന്നത്. പഞ്ചായത്തില്‍ ആകെയുള്ളത് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ്. ദിവസേന നൂറുകണക്കിന് ആളുകള്‍ പനിക്കും മറ്റുമായി ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
കിടത്തി ചികിത്സാ സൗകര്യമുള്ള ഒരു സ്വകാര്യശുപത്രിയെങ്കിലും കണി കാണണമെങ്കില്‍ ഇന്നാട്ടുകാര്‍ക്കു 15 കിലോമീറ്ററിലേറെ സഞ്ചരിച്ച് മുള്ളേരിയയിലോ സുള്ള്യയിലോയെത്തണം. സര്‍ക്കാര്‍ ആശുപത്രിയാണെങ്കില്‍ 45 കിലോമീറ്ററിലെറെ സഞ്ചരിച്ചു കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തണം. 50 ലേറെ പട്ടിക ജാതി, പട്ടിക വര്‍ഗ കോളനികളുള്ള പഞ്ചായത്തിലധികവും കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമാണ്.
പഞ്ചായത്തിലെ വനാന്തര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാട്ടികജെ, ചാമകൊച്ചി, ബളവന്തടുക്ക കോളനികളിലേക്ക് മതിയായ റോഡ് സൗകര്യം പോലുമില്ല. ഗര്‍ഭിണികളും കിടപ്പിലായ രോഗികളുമൊക്കെയാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാത്രിയില്‍ അസുഖം മൂര്‍ച്ഛിക്കുകയോ, അത്യാഹിതം സംഭവിക്കുകയോ ചെയ്താല്‍ പെട്ടത് തന്നെ പ്രാഥമിക ചികിത്സ തേടാന്‍ പോലും ഒരിടമില്ല പഞ്ചായത്തില്‍. ഈയിടെ പാണ്ടിയിലെ പട്ടിക ജാതിയില്‍ പെട്ട ഒരു യുവതി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ഓട്ടോ റിക്ഷയില്‍ വെച്ചു പ്രസവിച്ചിരുന്നു.
അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കിയുയര്ത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാലങ്ങളായുള്ള ആവശ്യം പുതുതായി അധികാരമേറ്റ സര്‍ക്കാരെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: