പത്തനംതിട്ട: മല്ലപ്പള്ളി -വെണ്ണിക്കുളം -–കോഴഞ്ചേരി റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. സംസ്ഥാന പാതയെന്നത് പേരില്‍ മാത്രം ഒതുങ്ങി. പ്രദേശത്തെ കൊടുംവളവുകളാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. കീഴ്വായ്പൂരിലെ കൊടുംവളവില്‍ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍ തിരുവല്ല സ്വദേശികള്‍ക്ക് പരിക്കേറ്റിരുന്നു. മുട്ടാര്‍ തേക്കുങ്കല്‍ അനീഷ്, സഹോദരന് സുമേഷ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് രാത്രി 12 ഓടെ കൊടും വളവില്‍ മറിയുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന രണ്ട് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് മുന്‍വശത്തു കൂടി കടന്നു പോകുന്ന സംസ്ഥാന പാതയിലാണ് കൊടുംവളവ്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചത്. മണിമലയാറിനോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ് ബാരിയര്‍ നിര്‍മിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അടുത്ത് എത്തിയാലേ കണ്ണില്‍ പെടൂ. അമിത ഭാരം കയറ്റി ടിപ്പര്‍ ഉള്‍പ്പെടെ പായുന്ന റോഡാണിത്. പോലീസിന്റെ യാതൊരുവിധ നിയന്ത്രണങ്ങളും റോഡില്‍ ഉണ്ടാകാറില്ല.
വാഹനപരിശോധനയ്ക്കിറങ്ങുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും വളവുകളിലാണ് പലപ്പോഴും കാത്തുകിടക്കുന്നത്. ഇവരെ കണ്ട് ഭയന്നുമാറുന്ന വാഹനങ്ങളും അപകടത്തില്‍പെടാനുള്ള സാധ്യതകളേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: