പത്തനംതിട്ട : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര് ത്തനങ്ങള് കാര്യക്ഷമമായി നടപ്പാക്കാതിരുന്നതിനാല്‍ നാട് പകര്‍ച്ചവ്യാധികളുടെ പിടിയിലമരുമെന്ന് ആശങ്ക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യവകുപ്പിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്ക് സമയം ലഭിക്കാതിരുന്നതും പ്രധാന കാരണമായി. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും ഇത്തവണ കാര്യക്ഷമമായില്ല. ജില്ലയില്‍ പനിയടക്കം പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഡെങ്കിപ്പനി ബാധിതരേയും കണ്ടെത്തിയിട്ടുണ്ട്.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടായതോടെ ജില്ലാ ആസ്ഥാനത്തെ അതീവജാഗ്രതാ മേഖലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ആഴ്ച്ചകള്‍ക്കുള്ളില്‍ 15 ഓളം ഡെങ്കിപ്പനിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാത്രം സ്ഥിരീകരിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ഡെങ്കിപ്പനി നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ജില്ലാ ആസ്ഥാനത്ത് അടുത്ത കാലത്ത് ആദ്യമായാണ് ഇത്രയധികം ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. നിരവധിയാളുകള്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ രോഗ വാഹകരായ ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജില്ലാ കളക്ട്രേറ്റിന് സമീപം, നഗരസഭാ കാര്യാലയത്തിന് സമീപം, മാര്‍ക്കറ്റ്, ശ്മശാനം, തിരുവിതാംകൂര്‍ ദേവസ്വം ഓഫീസിന് സമീപം, അബാന്‍ ജംഗ്ഷന് , സമീപ പഞ്ചായത്തായ പ്രമാടം, ഓമല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി വാഹകരായ കൊതുകളുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. നഗരത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാര്‍ക്കും മാര്‍ക്കറ്റിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. ഇവര്‍ ആരോഗ്യവകുപ്പിന്റെ പരിചരണത്തിലാണ്. രോഗബാധിതരുടെ രക്തത്തിലെ കൗണ്ട് കുറയുന്നതാണ് പ്രധാന ഭീഷണി.
ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റിയതോടെയാണ് ഡെങ്കി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ വീണ്ടും വ്യാപകമായിരിക്കുന്നത്. ഡെങ്കിക്ക് പിന്നാലെ , മഞ്ഞപ്പിത്തം, എലിപ്പനി, ചെള്ളുപനി, മന്ത് , മലേറിയ, വയറിളക്ക രോഗങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായി കണ്ടെത്തിയിരുന്ന ഡെങ്കിപ്പനി മൂന്ന് വര്‍ഷം മുമ്പാണ് ജില്ലയില്‍ കണ്ടെത്തിയത്. ഒരാളില്‍ ഡെങ്കിപ്പനി ബാധിച്ചാല്‍ അതിന്റെ രോഗാണുകള്‍ ഒരുലക്ഷത്തോളം കൊതുകളില്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പന്റെ നിഗമനം. 2011 ല്‍ 15 പേര്‍ക്ക് മാത്രം സ്ഥിരീകരിച്ച ഡെങ്കിപ്പനി, 2012 ല്‍ 145ഉം, 2013 ല്‍ 481ഉം, 2014 ല്‍ 501ഉം, 2015 ല്‍ 719ഉം ആയി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം 7 മരണങ്ങളും സംഭവിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: