തിരുവല്ല: ജലസേചന വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടിലെ നടുറോഡില്‍ പൈപ്പ്പൊട്ടിയുണ്ടാകുന്ന കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.കായംകുളം തിരുവല്ല പാതയില്‍ വിവിധ ഇടങ്ങളിലായി 12 വലിയകുഴികള്‍ യാത്രക്കാരുടെ പേടി സ്വപ്നമാകാന്‍ തുടങ്ങിയിട്ട് നാളുകളായി.സ്ഥലം എംഎല്‍എ ആയിരുന്ന കാലംമുതല്‍ നിരവധി തവണ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.
തിരുവല്ല കായംകുളം പാതയില്‍ കാവുംഭാഗത്തു മൂന്നിടത്തായി രൂപപ്പെട്ട വലിയകുഴികളാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്.കുഴികള്‍ രൂപപ്പെട്ട് ആറു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇരുചക്രവാഹനയാത്രികര്‍ അടക്കം അപകടത്തില്‍ പെട്ടിട്ടും കുഴിനികത്തി പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.പൊതുമരാമത്ത് വകുപ്പ് രണ്ടു പ്രാവശ്യം മണ്ണിട്ടു കുഴി നികത്തിയത് ഒഴിച്ചാല്‍ മറ്റ് കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല.കാവുംഭാഗം ജംക്ഷനില്‍ റോഡിനു നടുവിലാണ് ഒരു കുഴി. ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിനു മുന്‍പിലുള്ള വളവ് തിരിഞ്ഞു ചെല്ലുന്നതു മറ്റൊരു കുഴിയിലേക്കാണ്. വളവിനു തൊട്ടു മുന്‍പും ഒരു കുഴിയുണ്ട്. സ്കൂളിനു മുന്പില് വളവു തിരിഞ്ഞു ചെല്ലുമ്പോഴുള്ള കുഴിയാണ് ഏറ്റവും അപകടകരം.
റോഡിന്റെ പകുതിയിലേറെ ഭാഗം രണ്ടു മീറ്ററോളം നീളത്തില്‍ അരയടിയോളം താഴ്ചയില്‍ കുഴിയായി കിടക്കുകയാണ്.ദിവസവും നിരവധി അപകടങ്ങള്‍ക്ക് ഇതു കാരണമാകുന്നു. വാഹനം ഓടിക്കുന്നവര്‍ അപ്രതീക്ഷിതമായാണ് കുഴി കാണുന്നത്. പെട്ടന്നു ബ്രേക്ക് ചെയ്യുകയോ വെട്ടിത്തിരിക്കുകയോ ചെയ്യുകയാണ് മിക്കവരും ചെയ്യുന്നത്. ഇതു തൊട്ടുപുറകെയോ എതിരെയോ വരുന്ന വാഹനങ്ങളുമായി ഇടിച്ച് അപകടമുണ്ടാകാന്‍ ഏറെ സാധ്യതയുണ്ട്. പൊതുമരാമത്ത് അധികൃതര്‍ കെഎസ്ടിപി സൂപ്രണ്ടിങ് എന്‍ജിനീയറെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല.
എംസി റോഡിന്റെ നിര്‍മാണം നടത്തുന്നതിനു തിരുമൂലപുരത്തിനു സമീപം കെഎസ്ടിപി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.കെഎസ്ടിപി നിര്‍മിച്ച റോഡിനു അഞ്ചു വര്‍ഷം നടക്കേണ്ട അറ്റകുറ്റപണികളുടെ ഉത്തരവാദിത്വം കരാറുകാരനാണെന്ന് നിബന്ധനയുണ്ട്. ഈ സമയപരിധിക്കുള്ളില്‍ എല്ലാ അറ്റകുറ്റപ്പണികളും കരാറുകാരന് തന്നെ നടത്തണം.കാലാവധി കഴിഞ്ഞാല്‍ കെഎസ്ടിപിയാണു നടത്തേണ്ടത്. അല്ലെങ്കില്‍ റോഡ് പൊതുമരാമത്ത് വകുപ്പിനു കൈമാറണം. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും റോഡ് ഇതുവരെ കൈമാറി കിട്ടിയിട്ടില്ലെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. റോഡിലെ കുഴി നികത്താത്ത കെഎസ്ടിപി അധികൃതരുടെ നിലപാടില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: