ചങ്ങനാശേരി: ഒമ്പത് ഓപ്പറേഷന്‍ തിയേറ്ററും പത്ത് ഐസിയൂണിറ്റും എട്ട് ലാബുകളും ഉള്ള മെഡിക്കല്‍ കോളേജില്‍ കേന്ദ്രീകൃത സ്‌റ്റെറിലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനപ്രകാരം സിഎസ്എസ്ഡിയുടെ പ്രവര്‍ത്തനം മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ സെന്‍ട്രലൈസ്ഡ് സപ്ലൈറൂം മാത്രമാണുള്ളത്. മുന്നൂറോളം ബന്‍ഡിന്‍ ശസ്ത്രക്രിയാ ഉപകരണങ്ങളും തുണികളും അണുവിമുക്തമാക്കി ഓപ്പറേഷന്‍ തിയേറ്ററിലും ഐസിയുവിലും ലാബുകളിലും ഇപ്പോള്‍ എത്തിക്കുന്നത് പരിമിതമായ ഈ സൗകര്യം ഉപയോഗിച്ചാണ്. അതീവ ശ്രദ്ധയോടെയും സുരക്ഷിതവുമായി പ്രവര്‍ത്തിക്കേണ്ട വിഭാഗത്തില്‍ ഈ സംവിധാനം നിലവിലില്ലാത്തത് ഗുരുതര വീഴ്ചയായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയാ ഉപകരണങ്ങളും തുണികളും തരംതിരിച്ച് കഴുകിവൃത്തിയാക്കി സൂക്ഷിക്കാനുള്ള സംവിധാനത്തിന്റെ കുറവ് നിലനില്‍ക്കുന്ന വിവരം മനുഷ്യാവകാശ സംരക്ഷണ കൗണ്‍സിലാണ് കമ്മീഷന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത്. പരാതിപ്രകാരം മെഡിക്കല്‍കോളേജ് സൂപ്രണ്ടിനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. 4കോടി രൂപ മുടക്കി സിഎസ്എസ്ഡിയുടെ പണികള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി കമ്മീഷനെ സൂപ്രണ്ട് അറിയിച്ചു. ഗെറ്റിങ്‌സ് ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിര്‍മ്മാണത്തിന്റെ ചുമതല. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ് മേല്‍നോട്ടം വഹിക്കുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന് നല്‍കിയ രേഖയില്‍ വ്യക്തമാക്കി. ഈ ഉപകരണങ്ങള്‍ ട്രോളിയില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൈക്രോ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കേടുപാടുകൂടാതെ അണുവിമുക്തമാക്കുന്നതിന് അള്‍ട്രാസോമിക് വാഷിംഗ് മെഷീന്‍ അനിവാര്യമാണ്. പ്രധാന ശസ്ത്രക്രിയാ തീയറ്ററിലെത്തിച്ചശേഷം അവിടെനിന്നുവേണം മറ്റു ശസ്ത്രക്രിയ തീയറ്ററുകളിലേക്ക് ഇവ കൊണ്ടുപോകാന്‍. ഇതിനിടയില്‍ അണുവിമുക്തമാക്കിയ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്്ഥലസൗകര്യം, ഓട്ടോക്ലേവ് മെഷീനും സ്റ്റീല്‍ ഡ്രമ്മുകള്‍, എള്‍ട്രാസോമിക് വാഷിംഗ് മെഷീന്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം എന്നീ വിപുലമായ സംവിധാനം ഇതിന്റെ കീഴില്‍വേണം. 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിതാക്കളായുണ്ട്. ഈ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിതമാക്കുന്നതോടുകൂടി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈവരുമെന്ന കാര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസകരമാണ്.
















