കൊല്‍ക്കത്ത: തങ്ങളുടെ എംഎല്‍എമാര്‍ മറുകണ്ടം ചാടുമോയെന്ന് കോണ്‍ഗ്രസിന് ആശങ്ക. ഭയം മൂത്ത കോണ്‍ഗ്രസ് തങ്ങളുടെ 44 എംഎല്‍എമാരില്‍ നിന്നും പാര്‍ട്ടി പ്രസിഡന്റിനോടും പാര്‍ട്ടിയോടും കൂറുപുലര്‍ത്തുമെന്ന് സത്യവാങ്മൂലം എഴുതിവാങ്ങി. തൃണമൂലിലേക്ക് കൂറുമാറുമോയെന്നാണ് കോണ്‍ഗ്രസിന്റെ ഭയം.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്ത് എത്തിയിരുന്നു. 44 എംഎല്‍എമാരാണ് അവിടെയുള്ളത്. മുഴുവന്‍ എംഎല്‍എമാരെയും ഒപ്പം നിര്‍ത്തുകയെന്നതാണ് പിസിസി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി നേരിടുന്ന പ്രധാന വെല്ലുവിളി. ഇവര്‍ കൂറുമാറുന്നത് തടയുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ചൗധരിയടക്കം പ്രമുഖര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
നൂറു രൂപയുടെ മുദ്രപ്പത്രത്തില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തില്ല, തൃണമൂലിലേക്ക് കൂറുമാറില്ല, കോണ്‍ഗ്രസ് പ്രസിഡന്റിനോടും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോടും കൂറു പുലര്‍ത്തും എന്ന് ഓരോ എംഎല്‍എയില്‍ നിന്നും എഴുതി ഒപ്പിട്ടു വാങ്ങിക്കാനാണ് തീരുമാനിച്ചത്. തീരുമാനം നടപ്പാക്കിത്തുടങ്ങി. അതിദയനീയമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
( 2012ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് ചേക്കേറിയിരുന്നു)
77ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസിന് പിന്നെ ഇതുവരെ ബംഗാളില്‍ അധികാരത്തിന്റെ ഏഴയലത്ത് എത്താന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പതിനഞ്ചു വര്‍ഷത്തിനു ശേഷം പ്രതിപക്ഷ സ്ഥാനത്ത് കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്. കൂറുമാറ്റം വഴി ഇനി അതു കൂടിപ്പോകുമോയെന്നാണ് പേടി. ഈ പേടിയുള്ളതിനാലാണ് സിപിഎമ്മുമായി സഖ്യം തുടരാന്‍ തീരുമാനിച്ചിരിക്കുന്നതും.
















