ന്യൂദല്‍ഹി: ഐപിഎല്ലിലെ ആദ്യ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറില്‍ കളിക്കാം. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്നവരുമായാണ് രണ്ടാം ക്വാളിഫയര്‍ നടക്കുക. പ്രാഥമിക റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും വിജയം കൊല്‍ക്കത്തക്കൊപ്പം നിന്നു. അതിനാല്‍ ഇന്ന് ഈ പരാജയങ്ങള്‍ക്കുള്ള പകരം വീട്ടലും ഒപ്പം രണ്ടാം ക്വാളിഫയറില്‍ കളിക്കാനുള്ള ബര്‍ത്തും ഒപ്പിക്കുകയാണ് സണ്‍റൈസേഴ്സിന്റെ ലക്ഷ്യം. മറുവശത്ത് വിജയപരമ്പര തുടരാനുള്ള ശ്രമമാണ് ഗംഭീറും കൂട്ടരും നടത്തുക.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ താരം ശിഖര്‍ ധവാനും നയിക്കുന്ന ബാറ്റിങ്നിര കരുത്തുറ്റതാണ്. ഇരുവരും മികച്ച ഫോമിലാണെന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് വാര്‍ണര്‍. 14 മത്സരങ്ങളില്‍ നിന്ന് 658 റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. ധവാന് അടിച്ചുകൂട്ടിയത് 453 റണ്‍സും. എന്നാല്‍ യുവരാജും വില്യംസണും, നമന്‍ ഓജയും ദീപക് ഹൂഡയുമുള്പ്പെട്ട മറ്റുള്ളവര്‍ പലപ്പോഴും അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് അവരെ കുഴപ്പത്തിലാക്കുന്നത്. ഭുവനേശ്വര്‍കുമാര്‍ അടങ്ങിയ ബൗളിങ് നിര ശക്തമാണെങ്കിലും ആശിഷ് നെഹ്റയുടെ അഭാവം അവരെ അലട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 14 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതാണ് ഭുവനേശ്വര്‍കുമാര്‍. 16 വിക്കറ്റുകളുമായി മുസ്താഫിസൂര്‍ റഹ്മാനും മിന്നുന്ന ഫോമില്‍. 12 വിക്കറ്റുകള്‍ വീഴ്ത്തിയ ബരിന്ദര്‍ സരണും 9 കളികളില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ അശോക് ദിന്‍ഡയും മികച്ച ഫോമില്‍.
റോബിന് ഉത്തപ്പയും ക്യാപ്റ്റന്‍ ഗംഭീറും ഉള്‍പ്പെടുന്ന നൈറ്റ് റൈഡേഴ്സ് ബാറ്റിങ് നിര കരുത്തുറ്റതുതന്നെ. കഴിഞ്ഞ 14 മത്സരങ്ങളില്‍ നിന്ന് ഗംഭീര്‍ 473 റണ്‍സും ഉത്തപ്പ 383 റണ്‍സും അടിച്ചുകൂട്ടി. മനീഷ് പാണ്ഡെയും കഴിഞ്ഞ കൡയില്‍ മിന്നിത്തിളങ്ങിയ യൂസഫ് പഠാനും ഏത് ബൗളര്‍മാരെയും തച്ചുതകര്ക്കാന് കെല്പുള്ളവര്. ഇവര്‍ക്കൊപ്പം കോളിന് മണ്‍റോ കൂടി ഫോമിലേക്കുയര്‍ന്നാല്‍ സണ്‍റൈസേഴ്സ് വിഷമിക്കും. ഷാക്കിബ് അല്‍ ഹസ്സന് എന്ന ഓള് റൗണ്ടറും കൂടി ചേരുമ്പോള്‍ ടീം സര്‍വ്വസജ്ജം. ജാസണ്‍ ഹോള്‍ഡറും സുനില്‍ നരെയ്നും കുല്‍ദീപ് യാദവും ഉള്‍പ്പെടുന്ന ബൗളര്‍മാരും മികച്ച ഫോമില്‍. എന്തായാലും ഫൈനലില്‍ ഇടംപിടിക്കണമെങ്കില്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം. അതുകൊണ്ടുതന്നെ ജീവന്മരണപോരാട്ടമായിരിക്കും ഇന്ന് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: