കല്‍പ്പറ്റ : വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പ്രകൃതി സൗഹൃദ കര്‍ഷനായി എര്‍പ്പെടുത്തിയ പ്രഥമ വി.എം.ഹരിദാസ് സ്മാരക പുരസ്കാരത്തിനു മാനന്തവാടി അഞ്ചുകുന്ന് കളത്തിങ്കല്‍ കൃഷ്ണമോഹന് അര്‍ഹനായി. പുരസ്കാരദാനം മെയ് 29ന് രാവിലെ 9.30ന് ബത്തേരി കല്ലൂര്‍ സാസ്കാരികനിലയത്തില് കാര്‍ഷിക വിദഗ്ധനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീപദ്രെ നിര്‍വഹിക്കും. പരിസ്ഥിതി പ്രവര്ത്തകന് പി.കെ.ഉത്തമന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ അധ്യക്ഷനായിരിക്കും.
5000 രൂപയും ഫലകവും അടങ്ങുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ ബത്തേരി നായ്ക്കെട്ടിയിലെ വി.എം.ഹരിദാസിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി പ്രൊജക്ട് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.അനില്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
രണ്ട് ഏക്കര്‍ സ്ഥലമുള്ള കൃഷ്ണമോഹന് അഞ്ച് വര്‍ഷമായി സീറോ ബജറ്റ് രീതിയിലാണ് കൃഷി ചെയ്യുന്നത്. റബ്ബറും കാപ്പിയും കുരുമുളകും നെല്ലും പച്ചക്കറികളും ഫലവൃക്ഷങ്ങളും കൃഷിചെയ്യുന്ന കൃഷ്ണമോഹന് ക്ഷീരകര്‍ഷകനുമാണ്. റബ്ബര്‍ മരങ്ങളില്‍ ടാപ്പിംഗ് തടസ്സപ്പെടാതെ കുരുമുളക് വള്ളി പടര്‍ത്തുന്ന നൂതനരീതി അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: