വിവേകാനന്ദസ്വാമികളെപ്പോലെയുള്ള മഹാത്മാക്കള്‍ കേവലം വ്യക്തികളല്ല. പരമതത്ത്വത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ്. കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നപോലെ അവര്‍ ലോകത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. മമതാബന്ധവും സ്വാര്‍ഥതയുമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ കര്‍മങ്ങള്‍ ലോകത്തില്‍ എളുപ്പം മാറ്റം സൃഷ്ടിക്കുന്നു.
യുവാക്കള്‍ ഉണരേണ്ടതിന്റെ ആവശ്യം സ്വാമി ചൂണ്ടിക്കാട്ടി. ‘യൗവനകാലം എങ്ങനെ ഫലവത്തായി നിങ്ങള്‍ ഉപയോഗിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവിജീവിതം’ എന്നും സ്വാമി യുവാക്കളെ ഓര്‍മിപ്പിച്ചു. നനഞ്ഞ കളിമണ്ണുകൊണ്ട് കളിമണ്‍പാത്രക്കാരന്‍ പാത്രങ്ങളും ശില്പങ്ങളും നിര്‍മ്മിക്കുന്നതിനു സമമായിരിക്കും ഇക്കാലത്തെ ജീവിതം. യുവാക്കളെ അദ്ദേഹം ആകര്‍ഷിച്ചതിനു പല കാരണങ്ങളുണ്ടായിരുന്നു. ബുദ്ധിയുടെ ഭാഷ മാത്രമായിരുന്നില്ല അദ്ദേഹം സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ഥത യുവാക്കളെ ആകര്‍ഷിച്ചു. 1893ല്‍ അദ്ദേഹം അമേരിക്കയില്‍ ചെയ്ത പ്രസംഗം ഇതിനുദാഹരണമാണ്. ‘അമേരിക്കയിലെ സഹോദരിസഹോദരന്മാരെ’ എന്ന് അദ്ദേഹം അഭിസംബോധന ചെയ്തപ്പോള്‍ കേള്‍വിക്കാര്‍ എല്ലാവരും കരഘോഷം മുഴക്കി.
അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ഥതയായിരുന്നു അതിനുകാരണം. ഇതുനാം പാഠമാക്കേണ്ടതുണ്ട്. നമ്മുടെ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍, തീര്‍ച്ചയായും മറ്റുള്ളവരെ ഉണര്‍ത്താനും ശാക്തീകരിക്കാനും നമുക്ക് കഴിയും. അങ്ങനെ സ്വാര്‍ത്ഥത തീണ്ടാത്ത പ്രവര്‍ത്തനങ്ങളിലേക്ക് മറ്റുള്ളവരെ നയിക്കാന്‍ നമുക്കു കഴിയും.
















