സഹോദരന്‍ മരിച്ചതിലുള്ള വര്‍ദ്ധിച്ച കോപത്തോടെ നികുംഭന്‍ യമദണ്ഡംപോലുള്ള ഒരു ഇരുമ്പുലക്കയുമായി എതിരിട്ടുവന്നു. അവന്റെ വരവുകണ്ട് വാനരപ്പട അമ്പരന്നു നിന്നുപോയി. അവന്‍ ഇരുമ്പുലക്ക വീശിയപ്പോള്‍ വായുമണ്ഡലം ഭേദിക്കപ്പെട്ടു. ആ സമയത്ത് ഹനുമാന്‍ മാറുവിരിച്ച് അവന്റെ നേരെ നിന്നു.
നികുംഭന്‍ ഉലക്കകൊണ്ട് മാറത്ത് ശക്തിയായി അടിച്ചു. ഹനുമാന് ഒരു കുലുക്കവുമുണ്ടായില്ല. അതുകണ്ട് നികുംഭന്‍ മാരുതിയെ പൊക്കിയെടുത്തു നിലത്തടിക്കാന്‍ ശ്രമിച്ചു. ഹനുമാന്‍ മുഷ്ടിചുരുട്ടി ശക്തിയായ ഒരു പ്രഹരം മടക്കിക്കൊടുത്തു. അവന്റെ പിടിയില്‍നിന്നും മോചിതനായ ഹനുമാന്‍ അവനെ പൊക്കിയെടുത്ത് ശക്തിയായി നിലത്തടിച്ചു താഴെയിട്ടു ചവിട്ടിയുരുട്ടി. അവന്റെ മാറിടത്തില്‍ കയറിയിരുന്നിട്ട് തല വേര്‍പ്പെടുത്തി.
(തുടരും)
















