ആ കാലത്ത് കാശിരാജാവിന്റെ മകള്‍ ശശികല സര്‍വലക്ഷണയുക്തയായി കൊട്ടാരത്തില്‍ വളരുന്നുണ്ടായിരുന്നു. കാട്ടില്‍ക്കഴിയുന്ന കാമദേവനെപ്പോലുള്ള സുദര്‍ശനനെപ്പറ്റി അവള്‍ തോഴിമാരില്‍ നിന്നും കേട്ടിരുന്നു. മനസാ അവള്‍ അവനെ തന്റെ നാഥനായി സങ്കല്‍പ്പിക്കുകയും ചെയ്തു. ഒരിക്കല്‍ സ്വപ്‌നത്തില്‍ അവള്‍ക്ക് ജഗദംബിക ദര്‍ശനമേകി. ‘നിന്റെ അഭീഷ്ടം സാധിക്കട്ടെ; സുദര്‍ശനന്‍ നിന്നെ വരിക്കാന്‍ ഇടവരും’ എന്നായിരുന്നു വരം. സ്വപ്‌നത്തില്‍ കണ്ട ദേവീ രൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്താണവളുടെ നവഹര്‍ഷത്തിനു കാരണമെന്ന് ചോദിച്ച അമ്മയോട് പുഞ്ചിരിച്ചതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.
എന്നാല്‍ തന്റെ തോഴിയോട് അവള്‍ മനസ്സ് തുറന്നു. സ്വപ്‌നദര്‍ശനവൃത്താന്തം വിശദമായി അവളോടു പറഞ്ഞു. ചമ്പകപുഷ്പങ്ങള്‍ തോരണം ചാര്‍ത്തിയ പൂവാടികയില്‍ തോഴിമാരുമായി കളിച്ച് പൂക്കള്‍ പെറുക്കിയെടുത്തുകൊണ്ടിരുന്ന അവള്‍ ധൃതിപിടിച്ചു നടന്നു പോകുന്ന ഒരു ബ്രാഹ്മണനെ കണ്ടു. ‘അങ്ങ് എവിടെ നിന്നാണ് വരുന്നത്? എന്ന് ചോദിച്ചപ്പോള്‍ ബ്രാഹ്മണന്‍ പറഞ്ഞു: ‘ഞാന്‍ ഭരദ്വാജന്റെ ആശ്രമത്തില്‍ നിന്നാണ് വരുന്നത്. മടങ്ങുമ്പോള്‍ ഇതിലെ വന്നു എന്നേയുള്ളു.’
‘അവിടെ ആശ്രമത്തില്‍ എന്താണ് പ്രത്യേകിച്ചു വിശേഷമുള്ളത്? മറ്റൊരിടത്തും ഇല്ലാത്ത വിശേഷങ്ങള്‍ എന്താണവിടെ കാണുക?’ എന്നായി ശശികല.
‘അവിടെ ധ്രുവസന്ധിയുടെ പുത്രനായ സുദര്‍ശനന്‍ ഉണ്ട്. പേരുകൊണ്ടും സ്വഭാവം കൊണ്ടും ശ്രീമാനായ ആ രാജകുമാരനെ കാണാത്ത കണ്ണുകള്‍ നിഷ്ഫലമാണെന്ന് ഞാന്‍ പറയും. എല്ലാ ഗുണങ്ങളും മൂര്‍ത്തീകരിച്ചു കാണാന്‍ കൊതിയായ ബ്രഹ്മാവ് സൃഷ്ടിച്ച അത്യത്ഭുത ഗുണാകാരമാണ് ആ കുമാരന്റെത്. നിനക്കവനെ വരനായി കിട്ടിയാല്‍ നിങ്ങള്‍ തമ്മില്‍ എത്ര ചേര്‍ച്ചയായിരിക്കും! മണിയും സ്വര്‍ണ്ണവും പോലെ ഉത്തമം!’ ബ്രാഹ്മണന്‍ ഹിതം പറഞ്ഞു സ്ഥലം വിട്ടു.
(തുടരും)
















