കോഴിക്കോട്: സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. സംബോധ്ഫൗണ്ടേഷന്‍ കേരളം സംഘടിപ്പിച്ച സ്ത്രീശക്തി ചിന്തനം സംസ്ഥാന സംഗമത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീശക്തി ചിന്തനം ഒരു പോരാട്ടത്തിനോ അനുകരണത്തിനോ ആഹ്വാനം ചെയ്യുന്നില്ല. സ്വശക്തിയെക്കുറിച്ച് ചിന്തിക്കാനുള്ള വിലക്ക് അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിയുന്ന സ്ത്രീയില്‍ നിന്നും അനര്‍ഗളം ആവിഷ്‌കൃതമാവുന്ന ശേഷികള്‍ തടസപ്പെടരുത്. അനാരോഗ്യകരമായ സമാജത്തിന്റെ മുന്‍വിധികളെ തിരുത്താന്‍ അനുകമ്പാപൂര്‍വ്വം സ്ത്രീശക്തി ഉത്സാഹിക്കണം. ലിംഗഭേദമന്യേ സമാദരവ് പുലര്‍ത്താന്‍ സഹായകമായ സാംസ്‌കാരിക ധാര്‍മ്മിക അവബോധം സമാജത്തില്‍ പ്രചരിപ്പിക്കണം ഇതിന് ആര്‍ഷദര്‍ശനം പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു. സിന്ധു പുഴക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംയോജക അമ്മുടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സംബോധ് ഫൗണ്ടേഷന്റെ കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്നായി 80 പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമാഗമത്തില്‍ പങ്കെടുത്തത്. സാഗരസംവാദം, ചര്‍ച്ചകള്‍, അതിഥി പ്രഭാഷണം തുടങ്ങിയവ നടന്നു. ബേപ്പൂര്‍ ഗോതീശ്വരം റിസോര്‍ട്ടിലായിരുന്നു പരിപാടി.
















