വസിഷ്ഠന്‍ പറഞ്ഞു: ‘ബലമായിട്ടു വേണമെങ്കില്‍ കൊണ്ടുപോയ്‌ക്കൊള്ളുക. ഞാന്‍ സ്വമനസാ അങ്ങേയ്‌ക്ക് അവളെ തരുകയില്ല. രാജാവ് ഭൃത്യന്മാരോട് പശുവിനെ പിടിച്ചുകെട്ടി കൂട്ടിക്കൊണ്ടുവരാന്‍ കല്പിച്ചു. കാമധേനു കണ്ണീര്‍ പൊഴിച്ചുകൊണ്ട് മുനിയോട് സങ്കടം പറഞ്ഞു: ‘മാമുനേ അങ്ങ് എന്തിനാണെന്നെ ഉപേക്ഷിക്കുന്നത്?
‘ഞാന്‍ നിന്നെ ഉപേക്ഷിക്കുകയോ? അതുണ്ടാവില്ല. ഞാന്‍ ഇവിടെ അതിഥിയായി ബഹുമാനിച്ച് സല്‍ക്കരിച്ച രാജാവ് നിന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോവാന്‍ ശ്രമിക്കുകയാണ്.’ ഇതുകേട്ട നന്ദിനി ക്രുദ്ധയായി ഒന്നമറി. ഉടനെതന്നെ ആ ദേഹത്തില്‍ നിന്നും ഘോരരൂപികളായ രാക്ഷസന്മാര്‍ ആയുധധാരികളായി പുറത്തുവന്നു.
രാജസൈന്യത്തെ തകര്‍ത്ത് അവര്‍ കാമധേനുവിനെ മോചിപ്പിച്ചു. വിശ്വാമിത്രന്‍ വിഷണ്ണനായി തിരിച്ചുപോയി. മുനിയുടെ തേജസ്സിനുമുന്നില്‍ തന്റെ ക്ഷാത്രവീര്യം തുലോം ദുര്‍ബലമാണെന്ന് മനസ്സിലാക്കിയ രാജാവ് തപസ്സ് തുടങ്ങി. ബ്രഹ്മബലത്തെ വെല്ലാന്‍ ക്ഷാത്രബലത്തിനു കഴിയില്ലെന്ന് കണ്ട രാജാവ് ഘോരതപസ്സിലൂടെ രാജര്‍ഷി വിശ്വാമിത്രനായിത്തീര്‍ന്നു.
പ്രധാനമന്ത്രി തുടര്‍ന്നു: ‘അതിനാല്‍ രാജാവേ, മഹര്‍ഷിമാരുമായി വൈരം നല്ലതിനല്ല. വംശം മുറിക്കാന്‍ വരെ അവര്‍ക്ക് സാധിക്കും.
സുദര്‍ശനന്‍ ഇവിടെത്തന്നെ കഴിയട്ടെ. അങ്ങ് മഹര്‍ഷിയെ സന്തോഷിപ്പിക്കുക. നമുക്ക് മടങ്ങിപ്പോകാം. മാത്രമല്ല ആ ബാലനും അങ്ങും തമ്മില്‍ എന്താണ് ശത്രുത? പോരെങ്കില്‍ അവന്‍ ബലഹീനനായ ഒരു ശിശുമാത്രം. ദയ കാണിക്കാന്‍ കിട്ടുന്ന അവസരം ഒന്നും പാഴാക്കരുത്. ലോകം ഈശ്വരന് അധീനമാണ്. എല്ലാം നടക്കേണ്ട കാലത്ത് നടന്നിരിക്കും. ഈശ്വരന്‍ നിശ്ചയിച്ചാല്‍ പുല്ല് വജ്രമാവും; വജ്രം പുല്ലുമാവും. കടുവയെ കൊല്ലാന്‍ ചിലപ്പോള്‍ മുയല്‍ മതി. മത്തഗജത്തെ കൊല്ലാന്‍ കൊതുകും മതിയാവും.’
വ്യാസന്‍ തുടര്‍ന്നു: രാജാവ് മുനിയെ വണങ്ങി കൊട്ടാരത്തിലേയ്‌ക്ക് മടങ്ങിപ്പോയി. മനോരമ സ്വസ്ഥയായി ആ ആശ്രമത്തില്‍ താമസിച്ച് സുദര്‍ശനനെ വളര്‍ത്തി വലുതാക്കി. അതീവ സുഗുണവാനായി അവന്‍ വളര്‍ന്നു. ഒരിക്കല്‍ ഒരു മുനികുമാരന്‍ രാജ്ഞിയുടെ സേവകനായ വിദല്ലനെ, ‘ക്ലീബന്‍’ – ആണും പെണ്ണും കേട്ടവന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. വിദല്ലന്‍ അപ്പോഴേക്ക് വൃദ്ധനായിരുന്നു.
ക്ലീബന്‍ എന്ന വാക്കിലെ ആദ്യാക്ഷരം സ്പഷ്ടമായി സുദര്‍ശനന്റെ ഉള്ളില്‍ പതിഞ്ഞു. അവനാ ശബ്ദം ‘ക്ലീം’ എന്ന് അനുസ്വാരത്തോടെ ഇടയ്‌ക്കിടക്ക് ഉച്ചരിക്കാന്‍ തുടങ്ങി. കാമരാജം എന്ന് പേരുള്ള ദേവീ മന്ത്രമാണിതെന്ന് ആ ചെറുപ്രായത്തിലും അവനുള്ളില്‍ എങ്ങനെയോ ബോദ്ധ്യമായി. കളിക്കുമ്പോഴും ഉറങ്ങുമ്പോഴും അവനാ മന്ത്രം സദാ ജപിക്കാന്‍ തുടങ്ങി. അത്രമാത്രം സാരവത്തായിരുന്നു അവനാ മന്ത്രധ്വനി.
പതിനൊന്ന് വയസ്സില്‍ അവന് ഉപനയനം നടത്തി. വേദ യോഗശാസ്ത്രങ്ങളും ധനുര്‍വിദ്യയും അവന്‍ പെട്ടെന്ന് തന്നെ പഠിച്ചു. ഒരിക്കല്‍ ചെമ്പട്ട് ധരിച്ച രക്തവര്‍ണ്ണമുള്ള രക്താംഗിനിയായ ദേവിയെ അവന് ദര്‍ശിക്കാന്‍ സാധിച്ചു. ഗരുഡവാഹിനിയായ, വൈഷ്ണവീശക്തിയെ കണ്ട് രാജകുമാരന്‍ പ്രസന്നനായി. എല്ലാ വിദ്യകളും അനായാസം പഠിച്ച അവന്‍ അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് നദീതീരത്തുള്ള ആശ്രമത്തില്‍ കഴിഞ്ഞു വന്നു. ജഗദംബിക ആ ബാലന് വില്ല്, അമ്പുകള്‍, ആവനാഴി, കവചം എല്ലാം നല്‍കി.
(തുടരും)
















