എരുമേലി: പൂഞ്ഞാറിന്റെ നിയുക്ത എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ രാഷ്‌ട്രീയ നിലപാട് നിര്‍ണ്ണായകമാകും. പൂഞ്ഞാറിന്റെ വികസനപദ്ധതികളെ നിലപാടുകള്‍ എങ്ങനെ ബാധിക്കുമെന്ന് പരക്കെ ആശങ്ക. ഇടതു-വലത് മുന്നണികള്‍ക്കെതിരെ മത്സരിച്ച് ജയിച്ച പി.സി.പിണറായി വിജയനെതിരായ തന്റെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തത് വികസനപദ്ധതികള്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുമുന്നണി പ്രവേശനം പ്രതീക്ഷിച്ച് കേരള കോണ്‍ഗ്രസിന്റെ പടിയിറങ്ങിയ അദ്ദേഹം എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ പിണറായി വിജയന്‍ രണ്ടുപ്രാവശ്യമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയത്. യാതൊരു കാരണവശാലും പി.സി.ജോര്‍ജ്ജ് വിജയിക്കരുതെന്നാണ് പിണറായി സിപിഎം നേതാക്കള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ സിപിഎം പ്രദേശിക നേതാക്കളടക്കമുള്ളവര്‍ പിസിക്ക് അനുകൂലമായി സ്വീകരിച്ച നിലപാടാണ് വിജയത്തില്‍ കലാശിച്ചത്.
നിയമസഭയില്‍ ഇരുമുന്നണികളോടും സഹകരിക്കാതെ നില്‍ക്കുന്ന എംഎല്‍എയുടെ നിലപാട് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ വികസനപദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കും. എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ട് ഒഴികെയുള്ള പദ്ധതിവിഹിതങ്ങള്‍ ലഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കേണ്ടിവരും. മുഖ്യമന്ത്രിയാകാന്‍ പോകുന്ന പിണറായി വിജയനെതിരായ പി.സി.ജോര്‍ജ്ജിന്റെ കടുത്തനിലപാട് ഇപ്പോഴും തുടരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. മണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പലപദ്ധതികളും പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനും നിയമസാങ്കേതിക തടസ്സം നേരിടുമെന്ന് പറയപ്പെടുന്നു. പി.സി.ജോര്‍ജ്ജ് യുഡിഎഫ് വിട്ടപ്പോള്‍ മണ്ഡലത്തിലെ പല പദ്ധതികളും ഉദ്ഘാടനച്ചടങ്ങില്‍ നിന്നും എംഎല്‍എയെ ഒഴിവാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പര്‍മാരും തന്നെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. കെ.എം.മാണി പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എയും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി കയ്യേറ്റം വരെയ ഉണ്ടായി. ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ എരുമേലിയിലും സമീപ പഞ്ചായത്തുകളിലും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാകും. മണ്ഡലത്തിന്റെ വികസപദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തീകരിക്കണമെങ്കില്‍ പിണറായി സര്‍ക്കാരുമായി പി.സി.ജോര്‍ജ്ജ് സന്ധിചെയ്യേണ്ടിവരും. അല്ലാത്തപക്ഷം വികസന പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പിസിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സിപിഎം നേതാക്കള്‍തന്നെ പറയുന്നു.
















