കോട്ടയം: ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാമന്‍ കാഞ്ഞിരപ്പള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി വി.എന്‍.മനോജ്. ശക്തമായ ത്രികോണമത്സരം കാഴ്ചവച്ച മണ്ഡലത്തില്‍ താമരയിലൂടെ മനോജ് നേടിയത് 31,411 വോട്ടുകള്‍. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8,037 വോട്ടുകള്‍ മാത്രമാണ് കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം..ടി.. രമേശ് നേടിയത് ഇരുപത്തി രണ്ടായിരത്തിലധികം വോട്ടുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ 29,920 ആയി ഉയര്‍ന്നു. ഈ തിരഞ്ഞെടുപ്പില്‍ വീണ്ടും രണ്ടായിരത്തോളം വോട്ടുകളുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
വാഴൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റും ഇപ്പോള്‍ പഞ്ചായത്ത് അംഗവുമായ മനോജിന്റെ ജനകീയ മുഖമാണ് വോട്ടേറുവാന്‍ സഹായകമായത്. സംസ്ഥാനത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളിയും എത്തി. ഇടതുവലത് മുന്നണികള്‍ക്കു ശക്തമായ വെല്ലുവിളിയാണു മനോജ് ഉയര്‍ത്തിയത്. പള്ളിക്കത്തോട്, ചിറക്കടവ്, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമെത്തി. വാഴൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ജില്ലയില്‍ വോട്ടഭ്യര്‍ഥിക്കാനായി എത്തിയ ഏക മണ്ഡലമെന്നതും കാഞ്ഞിരപ്പള്ളിയെ ശ്രദ്ധാകേന്ദ്രമാക്കി.സുരേഷ് ഗോപി എംപിയുടെ റോഡ്‌ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളും ചിട്ടയായ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ ഒന്നാമതെത്താന്‍ വി..എന്‍. .മനോജിനു സഹായകമായി
















