സുരമന്ദിര തരുമൂലനിവാസഃ
ശയ്യാ ഭ്രുതലമജിനം വാസഃ
സര്‍വ്വപരിഗ്രഹഭോഗത്യാഗഃ
കസ്യ സുഖം നഃ കരോതി വിരാഗാഃ 18
ദേവാലയങ്ങളിലും വൃക്ഷത്തണലിലും താമസം; മണ്ണില്‍ കിടക്കുകയും മാന്‍ തോല്‍ ഉടുക്കുകയും ചെയ്യുന്നു. സര്‍വസമ്പത്തും സുഖഭോഗവും ത്യജിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള വൈരാഗ്യം ആര്‍ക്കാണ് സുഖം നല്കാത്തത്? (ശ്ലോക രചന: സുരേശ്വരാചാര്യന്‍)
ദേവാലയത്തിലെ വൃക്ഷച്ചുവട്ടില്‍ മാന്‍തോല്‍ ധരിച്ച് എല്ലാ ഭോഗങ്ങളും ത്യജിച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ സംന്യാസി ജീവിക്കുന്നു. നിര്‍മ്മല മനസ്സുമായി ഭഗവാനില്‍ ലയിക്കുന്നതിന്റെ സുഖം അനുഭവിക്കുന്ന ഈ യോഗി ശുഷ്‌ക്കമായ ജീവിത സാഹചര്യങ്ങളിലും ചൈതന്യവാനായി അവധൂതനായി പരിലസിക്കുന്നു. പതിനാറാമത്തെ ശ്ലോകത്തില്‍ നാം കണ്ട യോഗിയിലും ബാഹ്യമായ സാഹചര്യങ്ങള്‍ ഇതൊക്കെ തന്നെയാണെങ്കില്‍ ആശാപാശങ്ങളാല്‍ ബന്ധിതനായ അദ്ദേഹത്തിന് ഈശ്വരകാരുണ്യം ലഭിക്കുന്നില്ല.
ഇവിടെ സുഖത്തേയും ദുഃഖത്തേയും ഒരേപോലെ കരുതുന്ന യഥാര്‍ത്ഥ യോഗിയെ സുരേശ്വരാചാര്യര്‍ വര്‍ണ്ണിക്കുന്നു – ഭജഗോവിന്ദം.
യോഗരതോ വാ ഭോഗരതോ വാ
സംഘരതോ വാ സംഘവിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ 19
യോഗത്തില്‍ മുഴുകുന്നവനാകട്ടെ ഭോഗത്തില്‍ മുഴുകുന്നവനാകട്ടെ സംഘം ചേര്‍ന്നവനാകട്ടെ, ആരുടെ മനസ്സാണോ ബ്രഹ്മത്തില്‍ രമിക്കുന്നത് അവന്‍ ആനന്ദിക്കുന്നു, ആനന്ദിക്കുന്നു, അവന്‍ മാത്രം ആനന്ദിക്കുന്നു. (ശ്ലോകരചന : നിത്യാനന്ദന്‍)
ബ്രഹ്മസാക്ഷാത്കാരം ലഭിച്ചവന്‍ ആനന്ദമനുഭവിക്കുകയും സ്വയം ആനന്ദമായി തീരുകയും ചെയ്യുന്നു. ഒരാള്‍ ബ്രഹ്മത്തെ പ്രാപിക്കുമ്പോള്‍ ആനന്ദമനുഭവിക്കുന്നതായി തൈത്തിരീയ ഉപനിഷത് വെളിപ്പെടുത്തുന്നു. (രസോവൈരസഃ രസം ഹ്യേ വായം ലബ്ധ്വാനന്ദി ഭവതി)
‘വിജ്ഞാനമാനന്ദം ബ്രഹ്മ’ – എന്ന് ബൃഹദാരണ്യകവും ബ്രഹ്മാനന്ദ തത്വത്തെ വിവരിക്കുന്നു. ഈ ആനന്ദം അനുഭവമാണ്. അനിര്‍വചനീയമാണ്. ഭൗതികതയുടെ ആനന്ദം സ്ഥിരമല്ല. എന്നാല്‍ പരബ്രഹ്മത്തില്‍ മനസ്സുറയ്‌ക്കുന്നതോടെ ഒരുവന് സുസ്ഥിരമായ ആനന്ദം അഥവാ പരമാനന്ദം ലഭിക്കുന്നു. അങ്ങനെയുള്ളവര്‍ ഏതവസ്ഥയിലും ആനന്ദഭരിതരാകുന്നു – ഭജഗോവിന്ദം.
















