നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും. ‘ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും’ എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. ഒരാള്‍ക്ക് അത്യാവശ്യമായി പതിനായിരം രൂപ വേണം. വളരെ അടുത്തൊരു സുഹൃത്തുണ്ട്. അയാളോട് ചോദിച്ചാല്‍ കിട്ടും എന്ന് പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നു.
ചിലപ്പോള്‍ ചോദിച്ച തുക തന്നെന്നിരിക്കും. എന്നാല്‍ സ്‌നേഹം കൊണ്ട് പതിനായിരത്തിനു പകരം സുഹൃത്ത് പതിനയ്യായിരം രൂപ തന്നെന്നും വരാം. ചിലപ്പോള്‍ അയ്യായിരമോ രണ്ടായിരമോ ആയിരിക്കും തരുന്നത്. ഒന്നും തരാതെയുമിരിക്കാം. ‘അയ്യോ കൂട്ടുകാരാ, ഞാന്‍ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.
വാസ്തവം പറഞ്ഞാല്‍, ഞാന്‍ നിന്നോട് കുറച്ചു പണം കടം ചോദിക്കാനിരിക്കുകയായിരുന്നു’ എന്ന് പറയാനുള്ള സാദ്ധ്യതയും ഉണ്ടെന്നു ധരിക്കുക.ഒരു ഉപകരണം വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു ‘യൂസേഴ്‌സ് മാനുവല്‍’ അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അത് വായിച്ച് മനസ്സിലാക്കണം.
വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കേടുവന്നുപോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ ‘മാനുവല്‍’ ആണ് ആദ്ധ്യാത്മികം. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമായ കാര്യം തന്നെയാണെന്ന് മക്കള്‍ എപ്പോഴും ഓര്‍ക്കുക.
















