കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കില്‍ സിപിഎം ജില്ലയില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, മേഖലാ ജനറല്‍സെക്രട്ടറി പി.രഘുനാഥ് എന്നിവര്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി, വടകര, ഒഞ്ചിയം, പുതുപ്പണം അഴിയൂര്‍, അമ്പലക്കുളങ്ങര, നിട്ടൂര്‍, പേരാമ്പ്ര, കടലുണ്ടി എന്നിവിടങ്ങളില്‍ സിപിഎം. പ്രകോപനമൊന്നുമില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയാണ്. നിരവധി പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് അക്രമങ്ങള്‍ നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാന ഭരണം കയ്യടക്കിയതിന്റെ അഹങ്കാരമാണ് ഈ അക്രമത്തിനു പിന്നില്‍. ആസൂത്രിതമായി നടക്കുന്ന ഈ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നല്‍കാന്‍ ബിജെപി തയ്യാറാകുമെന്നും ജയചന്ദ്രന്‍ മാസ്റ്റര്‍ താക്കീതു നല്‍കി. ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ചയിലുള്ള അസ്വസ്ഥതയാണ് അക്രമത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
മലബാര്‍ മേഖലയില്‍ സിപിഎം വ്യാപകമായി നടത്തുന്ന അക്രമത്തില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ് പ്രതിഷേധിച്ചു. അധികാരത്തിന്റെ ഹുങ്ക് അക്രമത്തിലൂടെ പ്രകടിപ്പിക്കുന്ന സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനം അവസാനിപ്പിക്കണം. അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കണം. പാര്‍ട്ടി ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാവണം അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുന്ന ബിജെപി പ്രവര്‍ത്തകരെ മേഖലാ ജനറല്‍ സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
















